കോഹ്‌ലിയെ ടീമില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു, വിരാടിനെ രക്ഷിച്ചത് എന്നും പഴികേള്‍ക്കുന്ന ഒരു സൂപ്പര്‍ താരം - ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സെവാഗ്
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ സെലക്‍ടര്‍മാര്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്.
മൊഹാലിയിൽ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റിന്റെ കമന്ററിക്കിടെയാണ് സെവാഗിന്റെ വെളിപ്പെടുത്തൽ.
2011ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്‌റ്റുകളില്‍ കോഹ്‌ലിയുടെ പ്രകടനം ദയനീയമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി രോഹിത് ശർമയെ ടീമിലെടുക്കാൻ സെലക്‍ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ ആ നീക്കത്തെ ശക്തമായി എതിര്‍ത്തത് അന്നത്തെ ടീം നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയായിരുന്നു. ഉപനായകനായിരുന്ന താനും ധോണിയുടെ തീരുമാനത്തിന് ശക്തമായ പിന്തുണ നല്‍കിയതോടെ സെലക്‍ടര്‍മാര്‍ കോഹ്‌ലിയെ ടീമില്‍ നില നിര്‍ത്തുകയായിരുന്നുവെന്നും സെവാഗ് പറഞ്ഞു.
ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ കോഹ്ലിയുടെ ശരാശരി 10.75 റൺസ് ആയിരുന്നു. ധോണിയുടെ പിന്തുണയില്‍ ടീമിലേക്ക് തിരിച്ചെത്തിയ കോഹ്‌ലി മൂന്നാം ടെസ്‌റ്റില്‍ 44, 75 എന്നിങ്ങനെ റൺസ് നേടി ഫോമിലേക്ക് തിരിച്ചുവന്നു. അടുത്ത ടെസ്റ്റിൽ കോഹ്ലി തന്റെ കന്നി സെഞ്ചുറി നേടുകയും ചെയ്‌തുവെന്നും സെവാഗ് പറയുന്നു.