99 റണ്‍സില്‍ നില്‍ക്കെ സെവാഗ് കൂറ്റന്‍ സിക്‌സ് അടിച്ചു; പക്ഷേ, സെഞ്ചുറി നേടാനായില്ല ! ആ സിക്‌സ് സെവാഗിന്റെ റണ്‍സിനൊപ്പം കൂട്ടാത്തതിനു കാരണം ഇതാണ്

വെള്ളി, 5 നവം‌ബര്‍ 2021 (15:31 IST)
ക്രിക്കറ്റില്‍ എക്കാലത്തെയും രണ്ട് പ്രധാന ടീമുകളാണ് ഇന്ത്യയും ശ്രീലങ്കയും. മുന്‍ ലോകകപ്പ് ജേതാക്കളായ ഇരു ടീമുകളും ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എല്ലാം മത്സരം വാശിയേറിയതായി. ഇന്ത്യ-ശ്രീലങ്ക മത്സരങ്ങളില്‍ ചിലത് വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. അതിലൊന്നാണ് 2014 ലെ ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യ-ശ്രീലങ്ക മത്സരം. വിരേന്ദര്‍ സെവാഗിന്റെ സെഞ്ചുറി ഇല്ലാതാക്കാന്‍ ശ്രീലങ്ക മനപ്പൂര്‍വം ശ്രമിച്ചു എന്ന ആരോപണം അക്കാലത്ത് ഉയര്‍ന്നിരുന്നു. 
 
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 170 റണ്‍സ് മാത്രമാണ് നേടിയത്. 171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസം വിജയത്തിലേക്ക് അടുത്തു. വിരേന്ദര്‍ സെവാഗിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മുതല്‍ക്കൂട്ടായത്. 34 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 166 റണ്‍സ് നേടിയിരുന്നു. സുരാജ് രണ്‍ദീവ് ആണ് 35-ാം ഓവര്‍ എറിയാനെത്തിയത്. ആ സമയത്ത് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 96 പന്തില്‍ അഞ്ച് റണ്‍സ് മാത്രം. വ്യക്തിഗത സ്‌കോര്‍ 99 ല്‍ നില്‍ക്കുന്ന സെവാഗ് ആണ് ക്രീസില്‍. അഞ്ച് റണ്‍സ് നേടിയാല്‍ ഇന്ത്യ ജയിക്കും, ഒരു റണ്‍സ് നേടിയാല്‍ സെവാഗ് സെഞ്ചുറിയും സ്വന്തമാക്കും. 
 
എന്നാല്‍, രണ്‍ദീവിന്റെ ആദ്യ പന്ത് വിക്കറ്റ് കീപ്പറും നായകനുമായ കുമാര്‍ സംഗക്കാര വിട്ടു. ബാറ്റില്‍ ടച്ചില്ലാതെ പിന്നിലേക്ക് വന്ന പന്ത് കൃത്യമായി കൈപിടിയിലൊതുക്കാന്‍ സംഗക്കാരയ്ക്ക് സാധിച്ചില്ല. അത് ബൈ-ഫോറായി. എന്നാല്‍, ബാറ്റില്‍ ടച്ചില്ലാത്തതിനാല്‍ സെവാഗിന്റെ വ്യക്തിഗത സ്‌കോറില്‍ മാറ്റമില്ലാതെ നിന്നു. ഇന്ത്യക്ക് ഇനി ജയിക്കാന്‍ വേണ്ടത് 95 പന്തില്‍ ഒരു റണ്‍ മാത്രം. 
 
രണ്‍ദീവ് എറിഞ്ഞ അടുത്ത രണ്ട് പന്തിലും സെവാഗിന് റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല. 35-ാം ഓവറിലെ റണ്‍ദീവിന്റെ നാലാം പന്ത് സ്റ്റെപ്പ്ഔട്ട് ചെയ്ത് സെവാഗ് അതിര്‍ത്തി കടത്തി. ഇന്ത്യ കളി ജയിക്കുകയും താന്‍ സെഞ്ചുറി നേടുകയും ചെയ്തു എന്ന് കരുതി സെവാഗ് ആഘോഷിക്കാനും തുടങ്ങി. എന്നാല്‍, കളി ഇന്ത്യ ജയിച്ചെങ്കിലും സെവാഗ് സെഞ്ചുറി നേടിയില്ല !


റണ്‍ദീവ് എറിഞ്ഞ പന്ത് നോ ബോള്‍ ആയിരുന്നു. റണ്‍ദീവിന്റെ കാല്‍ ക്രീസില്‍ നിന്ന് നന്നായി പുറത്താണ്. അംപയര്‍ നോ ബോള്‍ വിളിച്ചു. ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്ന ഒരു റണ്‍ നോ ബോളില്‍ നിന്ന് കിട്ടി. സെവാഗ് അടിച്ച സിക്‌സ് പാഴായി. നോ ബോളില്‍ തന്നെ ഇന്ത്യ കളി ജയിച്ചതിനാലാണ് സെവാഗിന്റെ സിക്‌സ് പരിഗണിക്കാതിരുന്നത്. സെവാഗിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി. 
 
റണ്‍ദീവ് തനിക്ക് സെഞ്ചുറി നഷ്ടപ്പെടാന്‍ മനപ്പൂര്‍വം ചെയ്തതാണ് ഇതെന്നാണ് മത്സരശേഷം സെവാഗ് പറഞ്ഞത്. പൊതുവെ നോ ബോള്‍ എറിയാത്ത റണ്‍ദീവ് അസാധാരണ തരത്തിലുള്ള നോ ബോള്‍ എറിഞ്ഞതാണ് സെവാഗിന്റെ സംശയത്തിനു കാരണം. ശ്രീലങ്കന്‍ നായകന്‍ സംഗക്കാരയ്ക്കും ഇതില്‍ പങ്കുണ്ടെന്ന് സെവാഗ് അന്ന് ആരോപിച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍