ഇന്ത്യന്‍ ടീമിന്റെ നായകന്‍ സത്യത്തില്‍ ആര് ?; കോഹ്‌ലി പറയുന്നതില്‍ കാര്യമുണ്ട് - മിക്കവരും അങ്ങനെയാണ് ചിന്തിക്കുന്നത്

Webdunia
ശനി, 7 ജനുവരി 2017 (18:30 IST)
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തു പോകുമെന്ന് തോന്നിയ നിമിഷങ്ങളിലെല്ലാം കൂടെ നിന്നത് മഹേന്ദ്ര സിംഗ് ധോണിയാണെന്ന് വിരാട് കോഹ്‌ലി. ഫോം നഷ്‌ടപ്പെട്ട് ഉഴറിയ ഘട്ടങ്ങളിൽ ടീമിലെ സ്ഥാനം ഭീഷണിയിലായപ്പോൾ തുണയായി നിന്നത് ധോണിയായിരുന്നു. ധാരാളം അവസരങ്ങളും സമയവും തന്ന് എന്നിലെ ക്രിക്കറ്ററെ വളര്‍ത്തിയതും അദ്ദേഹമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.

തുടക്കക്കാലത്ത് പലപ്പോഴും സ്ഥിരത പുലർത്താനാകാതെ ബുദ്ധിമുട്ടി. അപ്പോഴെല്ലാം പിന്തുണ നൽകി കൂടെ നിൽക്കാന്‍ അദ്ദേഹത്തിനായി. എനിക്ക് ആവശ്യത്തിലധികം അവസരങ്ങളും സമയവും നല്‍കുന്നതില്‍ മഹി ഒരിക്കലും പിശുക്ക് കാട്ടിയില്ല. എന്റെ കഴിവിലും മികവിലും ധോണി എന്നും വിശ്വാസമർപ്പിച്ചിരുന്നുവെന്നും കോഹ്‍ലി പറഞ്ഞു.

ധോണിക്ക് പകരം ടീമിനെ നയിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനസിൽ ആദ്യ എത്തുന്ന വാക്ക് ഇന്ത്യൻ ടീമിന്റെ നായകൻ എന്നാണ്. ധോണിയെ മറ്റൊരു രീതിയിൽ ബന്ധപ്പെടുത്താൻ ആർക്കും കഴിയില്ല. എക്കാലവും എന്റെ ക്യാപ്റ്റൻ ധോണി തന്നെയായിരിക്കുമെന്നും ‘ബിസിസിഐ ടിവി’ക്ക് നൽകിയ അഭിമുഖത്തിൽ കോഹ്‍ലി പറഞ്ഞു.

അതേസമയം, നായകസ്ഥാനം കോഹ്‌ലിക്ക് കൈമാറാനുള്ള ധോണിയുടെ തീരുമാനത്തെ പ്രശംസിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. ധോണി മെനഞ്ഞെടുത്ത ഈ ടീമിനെ വിജയത്തോടെ മുന്നോട്ട് നയിക്കുക എന്ന ദൌത്യം മാത്രമെ കോഹ്‌ലിക്കുള്ളു എന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.
Next Article