സാഹക്ക് പകരം ഋഷഭ് പന്തിനെ എന്തിന് ടീമിലെടുത്തു, വിശദീകരണവുമായി വിരാട് കോലി

അഭിറാം മനോഹർ

ചൊവ്വ, 3 മാര്‍ച്ച് 2020 (11:58 IST)
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതോട് കൂടി ഇന്ത്യയുടെ മോശം പ്രകടനത്തെ പറ്റി വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. പരമ്പരയിൽ ബാറ്റിങ്ങിൽ പൂർണമായും പരാജയപ്പെട്ട ഇന്ത്യയെ അനായാസമായാണ് ന്യൂസിലൻഡ് നിലംപരിശാക്കിയത്. ഇതോടെ ഇന്ത്യൻ നിരയിൽ പരിചയസമ്പന്നരരായ കളിക്കാരുടെ അഭാവവും ഇന്ത്യൻ തോൽവിയെ ബാധിച്ചിരിക്കാമെന്നും ചിലർ നിരീക്ഷിക്കുന്നുണ്ട്. 
 
ടീമിലെ സീനിയർ താരങ്ങളായ രോഹിത്ത് ശര്‍മ്മ, മുരളി വിജയ്, ശിഖര്‍ ധവാന്‍ തുടങ്ങിയവരില്ലാതെ യുവനിരയുമായാണ് ഇന്ത്യ ന്യൂസിലൻഡിലേക്ക് തിരിച്ചത്. അതേസമയം ടീമിലുണ്ടായിരുന്ന പരിചയ സമ്പന്നനായ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ രണ്ട് മത്സരത്തിലും കളിപ്പിക്കാന്‍ കോലി തയ്യാറായതുമില്ല. പകരം മോശം ഫോമിനെ ചൊല്ലി വിമർശനങ്ങളേറ്റു വാങ്ങുന്ന റിഷഭ് പന്തിന്നാണ് ഇന്ത്യൻ നായകൻ അവസരം കൊടുത്തത്. പന്തിനാവട്ടെ ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളിൽ നിന്നും വെറും 60 റൺസ് മാത്രമാണ് കണ്ടെത്താനായത്. ഇതോടെ എന്തുകൊണ്ട് സാഹയെ ഒഴിവാക്കി പന്തിനെ ടീമിലെടുത്തു എന്നതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി.
 
ഓസ്‌ട്രേലിയക്കെതിരായ പരമ്പര മുതല്‍ പന്തിന് അവസരം നല്‍കുന്നുണ്ട്. ഇടക്ക് കുറച്ചുകാലം അവസരം നൽകിയില്ല. ആ കാലയളവിൽ തന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള കഠിന പരിശീലനത്തിലായിരുന്നു പന്ത്. ഓരോ താരത്തിനും എപ്പോഴാണ് അവസരം നല്‍കേണ്ടതെന്നതിനെക്കുറിച്ച് ശരിക്കും ആലോചിച്ചിച്ച് തീരുമാനിക്കേണ്ടതുണ്ട്. കാരണം ഒരുപാട് നേരത്തെ അവസരം നല്‍കുന്നത് ചിലപ്പോള്‍ കളിക്കാരുടെ ആത്മവിശ്വാസം ഇല്ലാതാക്കാനും ഇടയുണ്ട് കോലി പറഞ്ഞു.ബാറ്റിങ് യൂണിറ്റെന്ന നിലയിൽ മൊത്തമായി പരാജയപ്പെട്ടതാണ് ടീമിന്റെ തോൽവിക്ക് പിന്നിലെന്നും അതിന്റെ പേരിൽ ഒരാളെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമുള്ളതായി തോന്നുന്നില്ലെന്നും കോലി കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍