Virat Kohli: ഇന്ത്യക്കായി ഇനി ട്വന്റി 20 ലോകകപ്പ് കളിക്കാനില്ലെന്ന് വിരാട് കോലി. ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന സൂചനയാണ് കോലി നല്‍കിയത്. ബര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയതിനു പിന്നാലെയാണ് കോലിയുടെ പ്രഖ്യാപനം. ഫൈനലില്‍ കോലിയാണ് കളിയിലെ താരം.
' ദൈവം വലിയവനാണ്. ഇന്ത്യക്കായി ലോകകപ്പ് നേടാന്‍ സാധിച്ചതില്‍ സന്തോഷം. ഇന്ത്യക്കായുള്ള എന്റെ അവസാന ട്വന്റി 20 ലോകകപ്പ് ആണിത്. പുതിയ തലമുറ വരട്ടെ. അവര്‍ ഇന്ത്യക്കായി അത്ഭുതങ്ങള്‍ ചെയ്യുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ജയിച്ചാലും തോറ്റാലും ഇത് അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഞാന്‍ പ്രഖ്യാപിച്ചേനെ. ഇന്ത്യക്കു വേണ്ടിയുള്ള എന്റെ അവസാന ട്വന്റി 20 മത്സരം കൂടിയാണ് ഇത്,' കോലി പറഞ്ഞു.
ഫൈനലില്‍ 59 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 76 റണ്‍സാണ് കോലി നേടിയത്. സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് ആകുമ്പോഴേക്കും ഇന്ത്യക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു കോലി.