ഏകദിന ക്രിക്കറ്റിൽ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറിന്റെ ഒരുവിധം എല്ലാ നേട്ടങ്ങളും കോലി മറികടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ കരുതുന്നത്. ഏറ്റവും കൂടുതൽ ഏകദിന റൺസുകൾ,സെഞ്ചുറികൾ എന്നീ നേട്ടങ്ങൾ സച്ചിനിൽ നിന്നും കോലി കൈയടക്കുന്നത് ഒരിക്കലും ഒരു വിദൂര കാഴ്‌ചയാകില്ലെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്.
അപ്പോഴും ടെസ്റ്റ് നേട്ടങ്ങളുടെ കാര്യത്തിൽ സച്ചിനേക്കാൾ ഏറെ പിന്നിലാണ് കോലി എനതാണ് സത്യം. ഏറ്റവും കൂടുതൽ ടെസ്റ്റ് സഞ്ചുറികൾ എന്ന സച്ചിന്റെ നേട്ടം കോലിയുടെ പ്രായം കൂടി കണക്കിലെടുത്താൽ തിരുത്തപ്പെടാതെ പോകാനാണ് സാധ്യതകളേറെയും. 33ആം വയസിലേക്ക് കോലി കടക്കുമ്പോൾ ടെസ്റ്റിൽ സച്ചിന്റെ റെക്കോഡുകൾക്ക് ഭീഷണിയാവുക ഇംഗ്ലണ്ട് താരം ജോ റൂട്ട് ആയിരിക്കും.
നിലവിൽ 109 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 23 സെഞ്ചുറികളോടെ 9278 റൺസാണ് റൂട്ടിനുള്ളത്. ഏറെ കാലമായി 50 കൾക്ക് ശേഷം പുറത്താവുന്ന തന്റെ സ്വഭാവം റൂട്ട് മാറ്റിയത് കൂടുതൽ സെഞ്ചുറികൾ നേടാൻ റൂട്ടിനെ പ്രാപ്‌തനാക്കുന്നു. 30 വയസ് മാത്രം പ്രായം എന്നതും ടെസ്റ്റ് താരം എന്ന ലേബലിൽ നിൽക്കുന്നതും കോലിയേക്കാൾ കൂടുതൽ കാലം ടെസ്റ്റ് കളിക്കാൻ റൂട്ടിനെ പ്രാപ്‌തനാക്കിയേക്കും. നിലവിൽ 50 അർധസെഞ്ചുറികളാണ് റൂട്ടിനുള്ളത്. വിരാടിന് ഇത് 27ഉം സച്ചിന് 68ഉമാണ്.
അമ്പതുകൾ സെഞ്ചുറിയാക്കുന്നതിൽ റൂട്ട് പരാജയമായിരുന്നു എന്നതാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. എന്നാൽ സമീപകാലത്തായി ഇന്ത്യക്കെതിരെ മാത്രം നാലോളം സെഞ്ചുറികളാണ് റൂട്ട് നേടിയത്. കൂടുതൽ വർഷങ്ങൾ ടെസ്റ്റിൽ നിലനിൽക്കാനാവും എന്നതിനാൽ സച്ചിന്റെ ടെസ്റ്റ് റെക്കോഡുകൾക്ക് ഭാവിയിൽ ഭീഷണിയായി മാറുക റൂട്ട് തന്നെയായിരിക്കും എന്നാണ് കണക്കുകൾ തെളിയിക്കുന്നത്.