Virat Kohli: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പന്തെറിഞ്ഞ് വിരാട് കോലി. ഒന്‍പതാം ഓവറിലെ അവസാന മൂന്ന് ബോളുകളാണ് കോലി എറിഞ്ഞത്. പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം കോലിയോട് ഒന്‍പതാം ഓവര്‍ എറിഞ്ഞു തീര്‍ക്കാന്‍ നായകന്‍ രോഹിത് ശര്‍മ ആവശ്യപ്പെടുകയായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്കായി ഒന്‍പതാം ഓവര്‍ എറിയാനെത്തിയത്. പാണ്ഡ്യയുടെ ആദ്യ ഓവര്‍ കൂടിയായിരുന്നു ഇത്. ആദ്യ പന്തില്‍ ബംഗ്ലാദേശ് ബാറ്റര്‍ ലിറ്റണ്‍ ദാസിന് റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല. രണ്ടാം പന്ത് ലിറ്റണ്‍ ബൗണ്ടറി പായിച്ചു. മൂന്നാം പന്തില്‍ ലിറ്റണ്‍ ദാസ് കളിച്ച സ്‌ട്രൈറ്റ് ഡ്രൈവ് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാണ്ഡ്യ കാല്‍തെറ്റി വീണു. വീഴ്ചയില്‍ പാണ്ഡ്യയുടെ ഇടംകാലിന് ശക്തമായ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ടീം ഫിസിയോ എത്തി പാണ്ഡ്യയെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് ഒന്‍പതാം ഓവര്‍ പൂര്‍ത്തിയാക്കാന്‍ രോഹിത് കോലിയോട് ആവശ്യപ്പെട്ടത്.
മൂന്ന് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് കോലി വിട്ടുകൊടുത്തത്. 2017 ഓഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ പന്തെറിഞ്ഞതിനു ശേഷം ഇപ്പോഴാണ് കോലി ഏകദിനത്തില്‍ വീണ്ടും ബൗളറുടെ റോളില്‍ എത്തുന്നത്.