ശാസ്‌ത്രിക്ക് പിന്നാലെ കോഹ്‌‌ലി, ഇപ്പോള്‍ റാത്തോറും; പന്തിനെതിരെ ടീമില്‍ നിന്നും എതിര്‍പ്പ് രൂക്ഷം!

ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (13:38 IST)
ഇന്ത്യന്‍ ടീമിനെ ഇതുവരെ ആശങ്കപ്പെടുത്തിയിരുന്ന പ്രധാന പ്രശ്‌നം നാലാം നമ്പര്‍ ബാറ്റ്‌സ്‌മാനെ കണ്ടെത്തുന്നതായിരുന്നു. ലോകകപ്പില്‍ പോലും പരിഹാരം കാണാന്‍ സാധിക്കാതിരുന്ന പ്രശ്‌നം. എന്നാല്‍, നാലാം നമ്പര്‍ മാത്രമല്ല ഇന്ത്യന്‍ ടീമിനെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്.

സെലക്‍ടര്‍മാരും ബി സി സി ഐയും പ്രതീക്ഷയോടെ കണ്ടിരുന്ന ഋഷഭ് പന്തിന്റെ പരിതാപകരമായ പ്രകടനമാണ് ടീമിനാകെ ബാധ്യതയാകുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന യുവതാരം പരിശീലകന്‍ രവി ശാസ്‌ത്രിയുടെയും ക്യാപ്‌റ്റന്‍ കോഹ്‌ലിയുടെയും കണ്ണിലെ കരടായി കഴിഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനായി ടീമിനെ ഉടച്ചു വാര്‍ക്കുന്നതിനിടെയാണ്
പന്തിനെതിരെ വിമര്‍ശനം ശക്തമായത്. വിക്കറ്റ് വലിച്ചെറിയുന്ന ഋഷഭിന്റെ ഈ ബാറ്റിംഗ് ശൈലി ഇനിയും അംഗീകരിക്കാനാകില്ലെന്ന് ശാസ്‌ത്രി തുറന്നടിച്ചപ്പോള്‍ സാഹചര്യങ്ങള്‍ പഠിച്ച് ബാറ്റ് ചെയ്യാന്‍ പന്ത് തയ്യാറാകണമെന്നാണ് ക്യാപ്‌റ്റന്‍ പരസ്യമായി പറഞ്ഞു.

ഇതിന് പിന്നാലെ പുതിയ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോറും പന്തിനെതിരെ നിലപാട് സ്വീകരിച്ചു. പന്തില്‍ നിന്നും ഉത്തരവാദിത്തത്തോടെയുള്ള പ്രകടനം പ്രതീക്ഷിക്കുന്നുവെന്നും ട്വന്റി-20 ലോകകപ്പ് ടീമില്‍ നേടണമെങ്കില്‍ ചുമതലകള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി-20 ലോകകപ്പ് മുന്നില്‍ കണ്ട് ടീം ഒരുക്കുമ്പോള്‍ പന്ത് അടക്കമുള്ള യുവതാരങ്ങള്‍ ഉത്തരവാദിത്വം മറക്കരുത്. ടീമില്‍ ഇടം നേടണമെങ്കില്‍ ഉത്തരവാദിത്തങ്ങള്‍ മറക്കരുത്. പ്രതിഭയുള്ള താരമാണ് പന്ത്. എന്നാല്‍, അതൊരിക്കലും അലക്ഷ്യമായിരിക്കരുതെന്നും ഇന്ത്യന്‍ ടീം പരിശീലകന്‍ തുറന്നടിച്ചു.

പന്തിന്റെ മോശം പ്രകടനം സഞ്ജു വി സാംസന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ട്വന്റി-20 ലോകകപ്പിന് ടീം ഒരുങ്ങുന്ന സാഹചര്യത്തില്‍ ഇനിയും സഞ്ജുവിനെ കണ്ടില്ലെന്ന് നടിക്കാന്‍ സെലക്‍ടര്‍മാര്‍ക്കാകില്ല. പന്ത്, ഇഷാൻ കിഷൻ, സഞ്ജു എന്നിവരാണ് ഇപ്പോൾ ബിസിസിഐയുടെ പരിഗണനയിലുള്ളത്. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് തന്നെയാണ് സാധ്യതകള്‍ കൂടുതല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍