ശാസ്‌ത്രിക്ക് പിന്നാലെ കോഹ്‌ലിയും; പന്തിനെതിരെ എതിര്‍പ്പ് ശക്തം

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (14:46 IST)
വിക്കറ്റിന് പിന്നിലും മുന്നിലും തുടര്‍ച്ചയായി പരാജയപ്പെടുന്ന ഋഷഭ് പന്ത് ഇനി എത്രനാള്‍ ഇന്ത്യന്‍ ടീമിലുണ്ടാകും ?. മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്റെ പിന്‍‌ഗാമിയായി ടീമിലെത്തിയ യുവതാരം ഏതു നിമിഷവും പുറത്തായെക്കും.

പന്തിനെതിരെ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്‌ത്രി തുറന്നടിച്ചതിന് പിന്നാലെ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും രംഗത്തുവന്നു. ട്വന്റി-20 ലോകകപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെയാണ് ക്യാപ്‌റ്റനും പരിശീലകനും ഒരു സ്വരത്തില്‍ ഋഷഭിനെതിരെ തിരിഞ്ഞത്.

“അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി മാറ്റണമെന്ന് പറയുന്നില്ല, എന്നാല്‍ സാഹചര്യങ്ങള്‍ പഠിച്ച് ബാറ്റ് ചെയ്യാന്‍ തയ്യാറാകണം. നമ്മള്‍ ചിന്തിക്കുന്നത് പോലെ അവന്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ കാര്യമില്ല. വ്യത്യസ്‌തമായ ശൈലിയാണ് എല്ലാവര്‍ക്കുമുള്ളത്”.

“ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ നാലോ അഞ്ചോ ബൗണ്ടറികള്‍ കളിക്കാന്‍ കഴിവുള്ള താരമാണ് പന്ത്. പക്ഷേ, അങ്ങനെയൊരു നിമിഷത്തില്‍ സിംഗളുകളും ഡബിളുകളും നേടാനാണ് ഞാന്‍ ആഗ്രഹിക്കുക. ഞാന്‍ ഇന്ത്യന്‍ ടീമില്‍ എത്തുമ്പോള്‍ ഒരു താരത്തിന് നാലോ അഞ്ചോ മത്സരങ്ങളില്‍ മാത്രമേ അവസരം ലഭിക്കുകയുള്ളു. ഇന്ന് 15 മത്സരങ്ങളില്‍ വരെ ഒരു താരത്തെ പരിഗണിക്കുന്നുണ്ട്. ട്വന്റി-20 ലോകപ്പ് മുന്നില്‍ കണ്ടാണ് ടീം ഒരുക്കുന്നത്. അത് എല്ലാവരും തിരിച്ചറിയണം” - എന്നും ക്യാപ്‌റ്റന്‍ തുറന്നു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍