Travis Head: 'അയ്യോ ദേ ട്രാവിസ് ഹെഡ്'; ഓസീസിനെ വീഴ്ത്താന്‍ ആദ്യം 'തലയെടുക്കണം'

രേണുക വേണു

ചൊവ്വ, 4 മാര്‍ച്ച് 2025 (09:56 IST)
Travis Head: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിനായി ഇന്ത്യ ഇന്നിറങ്ങുകയാണ്. കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യക്ക് എതിരാളികള്‍. 2023 ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിയും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിയും ഏല്‍പ്പിച്ച പ്രഹരത്തിനു മറുപടി കൊടുക്കുകയാണ് ഇന്ന് ഇന്ത്യയുടെ ലക്ഷ്യം. രണ്ടിലും ഓസ്‌ട്രേലിയയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. 
 
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ 'തലവേദന' ട്രാവിസ് ഹെഡ് തന്നെ. ഓപ്പണറായ ഹെഡ് എത്ര സമയം ക്രീസില്‍ നില്‍ക്കുന്നോ അതിനനുസരിച്ച് ഇന്ത്യക്ക് സമ്മര്‍ദ്ദം ഉയരും. മുഹമ്മദ് ഷമിക്കായിരിക്കും ഹെഡിനെ അതിവേഗം പറഞ്ഞയക്കാനുള്ള ഉത്തരവാദിത്തം. ഹെഡിനെ പുറത്താക്കാന്‍ ആദ്യ പവര്‍പ്ലേയില്‍ തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്പിന്നര്‍മാരെ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. 
 
ഇന്ത്യക്കെതിരെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 44 ഇന്നിങ്‌സുകളില്‍ നിന്ന് 1763 റണ്‍സാണ് ഹെഡ് അടിച്ചുകൂട്ടിയിരിക്കുന്നത്. ശരാശരി 44.07 ആണ്. 78.46 സ്‌ട്രൈക് റേറ്റുണ്ട്. ഇന്ത്യക്കെതിരെ മാത്രം ആറ് അര്‍ധ സെഞ്ചുറികളും നാല് സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ 120 പന്തില്‍ നിന്ന് 137 റണ്‍സാണ് ഹെഡ് നേടിയത്. ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ച ഇന്നിങ്‌സായിരുന്നു അത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ 174 പന്തില്‍ നിന്ന് 163 റണ്‍സ് നേടി ഓസ്‌ട്രേലിയയെ സുരക്ഷിതമാക്കിയതും പിന്നീട് ഇന്ത്യയുടെ തോല്‍വിയിലേക്ക് വഴിവെച്ചതും ഹെഡിന്റെ ഇന്നിങ്‌സ് തന്നെ. ഇതേ ഫോം ഹെഡ് ആവര്‍ത്തിച്ചാല്‍ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ സങ്കീര്‍ണമാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍