Australia vs India, 5th Test: പ്രശ്‌നം അപ്പോ രോഹിത്തിന്റെയല്ല; സിഡ്‌നിയില്‍ ഇന്ത്യ 185 നു ഓള്‍ഔട്ട്, ബോളണ്ടിനു നാല് വിക്കറ്റ്

രേണുക വേണു

വെള്ളി, 3 ജനുവരി 2025 (12:21 IST)
Rishabh Pant - Sydney Test

Australia vs India, 5th Test: സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 185 നു ഓള്‍ഔട്ട്. നായകന്‍ രോഹിത് ശര്‍മയെ ബെഞ്ചില്‍ ഇരുത്തി കളിക്കാന്‍ ഇറങ്ങിയിട്ട് മറ്റു താരങ്ങളും കവാത്ത് മറന്നു. 98 പന്തില്‍ 40 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 
 
ഓപ്പണര്‍മാരായ കെ.എല്‍.രാഹുല്‍ (14 പന്തില്‍ നാല്), യശസ്വി ജയ്‌സ്വാള്‍ (26 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ പാതി കളി മറന്നു. പിന്നീട് ശുഭ്മാന്‍ ഗില്‍ (64 പന്തില്‍ 20), വിരാട് കോലി (69 പന്തില്‍ 17) നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും അലക്ഷ്യമായ ഷോട്ടുകളിലൂടെ ഇരുവരും വിക്കറ്റ് വലിച്ചെറിഞ്ഞു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം (95 പന്തില്‍ 26) ചേര്‍ന്ന് റിഷഭ് പന്ത് നടത്തിയ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ടോട്ടല്‍ 150 കടക്കില്ലായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡി (പൂജ്യം) നിരാശപ്പെടുത്തി. വാഷിങ്ടണ്‍ സുന്ദര്‍ (30 പന്തില്‍ 14), ജസ്പ്രിത് ബുംറ (17 പന്തില്‍ 22) എന്നിവര്‍ വാലറ്റത്ത് പൊരുതി നോക്കി. 
 
സ്‌കോട്ട് ബോളണ്ട് ആണ് ഇന്ത്യയ്ക്കു ഏറ്റവും വലിയ തലവേദന സൃഷ്ടിച്ചത്. 20 ഓവറില്‍ വെറും 31 റണ്‍സ് മാത്രം വഴങ്ങിയ ബോളണ്ട് നാല് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനു മൂന്നും പാറ്റ് കമ്മിന്‍സിനു രണ്ടും വിക്കറ്റുകള്‍. നഥാന്‍ ലിന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. 
 
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രിത് ബുംറയാണ് സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍