ധോണിക്ക് സിമന്റ് കമ്പനിയുമായി ബന്ധമുണ്ട്; പക്ഷേ ശമ്പളം തുച്ഛമാണ് - വിവരങ്ങള്‍ പുറത്തുവിട്ടത് മോദി

Webdunia
ചൊവ്വ, 9 മെയ് 2017 (17:43 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യാ സിമന്‍റ്സ് കമ്പനിയില്‍ ജീവനക്കാരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ട് ഐപിഎൽ മുൻ കമ്മീഷണർ ലളിത് മോദി രംഗത്ത്.

ബിസിസിഐ മുൻ അധ്യക്ഷൻ എന്‍ ശ്രീനിവാസന്‍റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്‍റ്സ് കമ്പനിയിലെ ഗ്രേഡ് അഞ്ച് വിഭാഗത്തിലെ ജീവനക്കാരനാണ് ധോണിയെന്നാണ് മോദി ട്വിറ്ററിലൂടെ പുറത്തുവിട്ട തെളിവുകള്‍ വ്യക്തമാകുന്നത്.

കമ്പനിയിലെ മാർക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്‍റായി ധോണിയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിന്‍റെ പകർപ്പാണ് പുറത്തുവന്നത്. ഇതുപ്രകാരം 2012 ജൂലൈ 29 മുതൽ ധോണി കമ്പനിയിലെ ജീവനക്കാരനും 43,000 രൂപ ശമ്പളക്കാരനുമാണ്.  
ഇന്ത്യാ സിമന്‍റ്സ് കമ്പനിയുടെ ഐപിഎൽ ടീമായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ക്യാപ്റ്റനായിരുന്നു ധോണി. ശ്രീനിവാസന്‍റെ മരുമകനായിരുന്ന ഗുരുനാഥ് മെയ്യപ്പനായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ചുമതലയുണ്ടായിരുന്നത്.

ഐപിഎൽ കോഴ വിവാദമുണ്ടായ സമയത്ത് ധോണി ഇന്ത്യാ സിമന്‍റ്സിലെ ജീവനക്കാരാണെന്ന വിവാദം ഉയർന്നിരുന്നു. എന്നാൽ അന്ന് അദ്ദേഹം വാർത്ത നിഷേധിക്കുകയായിരുന്നു.
Next Article