ദക്ഷിണാഫ്രിക്കന്‍ നായകന്റെ റണ്‍ഔട്ട് 'ലോകകപ്പ്' പോലെ ആഘോഷിച്ചു പാക് താരങ്ങള്‍; പരിഹാസം അതിരുവിട്ടപ്പോള്‍ ബാവുമ പിച്ചില്‍ നിന്നു (വീഡിയോ)

രേണുക വേണു

വ്യാഴം, 13 ഫെബ്രുവരി 2025 (09:00 IST)
Pakistan Players Wicket Celebration Video

ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിനത്തിനിടെ അതിരുവിട്ട് പാക്കിസ്ഥാന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയുടെ വിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് പാക്കിസ്ഥാന്‍ താരങ്ങളായ കമ്രാന്‍ ഗുലാമും സൗദ് ഷക്കീലും അതിരുവിട്ട ആഹ്ലാദപ്രകടനം നടത്തിയത്. 
 
29-ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് ഹസ്‌നിയാന്റെ ഗുഡ് ലെങ്ത് പന്ത് നേരിട്ട ബാവുമ ക്വിക്ക് സിംഗിളിനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കറായിരുന്ന മാത്യു ബ്രീറ്റ്‌സ്‌കിയുമായി ആശയക്കുഴപ്പമുണ്ടായി. ഇത് ബാവുമയുടെ റണ്‍ഔട്ടിലാണ് കലാശിച്ചത്. സൗദ് ഷക്കീല്‍ ഡയറക്ട് ത്രോയിലൂടെ ബാവുമയെ പുറത്താക്കുകയായിരുന്നു. 

This kind of behaviour and that too against THE TEMBA BAVUMA?

What kind of shameless you guys are PCT?
pic.twitter.com/7RvsBRobCQ

— TukTuk Academy (@TukTuk_Academy) February 12, 2025
96 പന്തില്‍ 13 ഫോറുകള്‍ സഹിതം 82 റണ്‍സ് നേടിയാണ് ബാവുമ പുറത്തായത്. ബാവുമയുടെ വിക്കറ്റ് ലഭിച്ചതിനു പിന്നാലെ കമ്രാന്‍ ഗുലാമും സൗദ് ഷക്കീലും പിച്ചിലേക്ക് ഓടിയെത്തി. ബാവുമയുടെ മുന്നില്‍ നിന്ന് വലിയ ശബ്ദത്തില്‍ ആഹ്ലാദപ്രകടനം നടത്തി. ഒടുവില്‍ പാക് താരം ആഗ സല്‍മാന്‍ വന്ന് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. പാക് താരങ്ങളുടെ ആഹ്ലാദപ്രകടനം അതിരുവിട്ടപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ അതെല്ലാം നോക്കി അല്‍പ്പനേരം പിച്ചില്‍ തന്നെ നിന്നു. അതിനുശേഷമാണ് ഗ്രൗണ്ട് വിട്ടത്. 
 
കറാച്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനു പാക്കിസ്ഥാന്‍ ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടിയപ്പോള്‍ ആതിഥേയര്‍ ഒരോവര്‍ ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അത് മറികടന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍