ധോണിയെക്കുറിച്ച് ടീം മാനേജ്‌മെന്റ് ചിന്തിക്കേണ്ട സമയമായിരിക്കുന്നു; ഐസ്കൂളിനെതിരെ മുന്‍ താരം

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (09:08 IST)
എം എസ് ധോണിയുടെ ട്വന്റി-20 ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്ത് വിരേന്ദര്‍ സെവാഗ് രംഗത്ത്. കീവിസിനെതിരെ നടന്ന രണ്ടാം ടി20യിലെ പരാജയത്തിനു പിന്നാലെയാണ് ഇന്ത്യയുടെ എക്കാലത്തേയും വെടിക്കെട്ട് ബാറ്റ്‌സ്മാനായ വീരു, ധോണിയുടെ സ്ഥാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. ടി20 ടീമില്‍ ധോണിയുടെ പങ്ക് എന്താണെന്ന കാര്യത്തെക്കുറിച്ച് ടീം മാനേജ്‌മെന്റ് ചിന്തിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് സെവാഗ് പറഞ്ഞത്. 
 
വലിയ സ്കോറുകള്‍ പിന്തുടരുന്ന വേളയില്‍ ആദ്യ പന്ത് മുതല്‍ റണ്‍ നേടണമെന്ന ഉപദേശവും സെവാഗ് ധോണിക്ക് നല്‍കുന്നുണ്ട്. മത്സരത്തില്‍ 37 പന്തില്‍ 49 റണ്‍സ് എടുത്ത ധോണിയുടെ പ്രകടനം ടീം സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തണമെന്നും സെവാഗ് പറഞ്ഞു. ടി20 ഒഴികെയുള്ള മത്സരങ്ങള്‍ക്ക് ധോണിയുടെ സാന്നിദ്ധ്യം ടീമിന് വളരെ അത്യാവശ്യമാണ്. എങ്കിലും കൃത്യസമയത്ത് അദ്ദേഹം പടിയിറങ്ങേണ്ടതുണ്ട്. അദ്ദേഹം ഒരിക്കലും ഒരു യുവതാരത്തിനും തടസമാകാന്‍ പാടില്ലെന്നും സേവാഗ് പറയുന്നു.
 
നേരത്തെ ധോണിക്ക് പകരക്കാരനായ മറ്റൊരാളെ കണ്ടെത്താന്‍ സമയമായെന്നും അതിനായി ടീമിലെ നിലവിലെ ഓള്‍ റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ തന്റെ ബാറ്റിങ്ങ് രീതി നിലനിര്‍ത്തണമെന്നും സെവാഗ് പറഞ്ഞിരുന്നു. രാജ്കോട്ടിലെ പ്രകടനത്തിനു പിന്നാലെ ടി20യിലെ ധോണിയുടെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ താരങ്ങളായ അജിത് അഗാക്കറും വി.വി.എസ് ലക്ഷ്മണും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സെവാഗിന്റെയും രംഗപ്രവേശം.

അനുബന്ധ വാര്‍ത്തകള്‍

Next Article