അമ്പയര്‍ ഒന്നും കാണുന്നില്ല; പരാതിയുമായി ടീം ഇന്ത്യ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലും അതിനു ശേഷമുള്ള ഏകദിനങ്ങളിലും തെറ്റായ രീതിയില്‍ അമ്പയറിംഗ് നടത്തിയ അമ്പയര്‍ വിനീത് കുല്‍ക്കര്‍ണിക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരാതി നല്‍കും. ട്വന്റി-20ക്ക് പിന്നാലെ ഏകദിനത്തിലും തെറ്റായ രീതിയില്‍ അമ്പയറിംഗ് തുടരുന്നതിനാലാണ് ടീം പരാതി നല്‍കുന്നത്.
ആദ്യ ട്വന്റി-20 മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ചായ ജെ പി ഡൂമിനിക്ക് എതിരായ രണ്ട് അപ്പീലുകള്‍ വിനീത് കുല്‍ക്കര്‍ണി നിഷേധിച്ചിരുന്നു. പിന്നാലെ ആദ്യ ഏകദിനത്തിൽ ശിഖർധവാന്റെ ബാറ്റിൽ പന്ത് തട്ടിയിട്ടും എൽ.ബി വിളിക്കുകയും അതുപോലെ അശ്വിന്റെ ആദ്യ പന്തില്‍ തന്നെ ഡൂപ്ലെസി വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് വ്യക്തമായെങ്കിലും ഔട്ട് വിളിക്കാതിരുന്ന അമ്പയര്‍ നടപടിയാണ് ഇന്ത്യ ടീമിനെ ചൊടുപ്പിച്ചത്.
ഐസിസി ഇന്റര്‍നാഷണല്‍ പാനലിലുള്ള നാല് ഇന്ത്യന്‍ അമ്പയര്‍മാരില്‍ ഒരാളാണ് കുല്‍ക്കര്‍ണി. ആറ് ട്വന്റി-20യിലും 17 ഏകദിനങ്ങളിലും കുല്‍ക്കര്‍ണി അമ്പയറായിട്ടുണ്ട്. ഇൻഡോറിൽ നടന്ന രണ്ടാം ഏകദിനത്തിലും വിനീത് കുൽക്കർണി അമ്പയറായിരുന്നു.