സിഡ്‌നിയിലും ഇന്ത്യയെ നാണം കെടുത്തുമെന്ന് സ്‌മിത്ത്
വെള്ളി, 22 ജനുവരി 2016 (15:41 IST)
പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത്. സിഡ്‌നിയില്‍ വെച്ച് നടക്കുന്ന അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് തങ്ങളുടെ ലക്ഷ്യം. ജയങ്ങളുടെ തുടര്‍ച്ച തുടരുമെന്നും ഓസീസ് നായകന്‍ പറഞ്ഞു.
അഞ്ചാം മത്സരത്തിന് മഴ ഭീഷണിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത മഴയില്‍ ഗ്രൗണ്ട് നനഞ്ഞതിനാല്‍ വെള്ളിയാഴ്ച ടീം ഇന്ത്യ പരിശീലനത്തിന് ഇറങ്ങിയില്ല. ഇന്ത്യന്‍ താരങ്ങളെല്ലാം ഹോട്ടല്‍ മുറിയില്‍ സമയം ചെലവഴിക്കുകയായിരുന്നു. മഴ ശനിയാഴ്ചയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.
പെര്‍ത്ത്, ബ്രിസ്‌ബേന്‍, മെല്‍ബണ്‍, കാന്‍ബറ എന്നിവിടങ്ങളിലാണ് ഇന്ത്യ തോറ്റത്. സിഡ്‌നിയിലെ അവശേഷിക്കുന്ന കളി കൂടി തോറ്റാല്‍ ഇന്ത്യയുടെ രണ്ടാം റാങ്ക് നഷ്ടമാകും. അതേസമയം, ഇന്ത്യന്‍ ടീമിനെതിരെയും നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെയും മുന്‍ താരങ്ങളടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി.