ഇന്ത്യ മനോഹരമായി ‘നാണംക്കെട്ട് ’ തോറ്റു; തോല്‍‌വി ഇരന്നു വാങ്ങിയത്, ധവാന്റെയും കോഹ്‌ലിയുടെയും സെഞ്ചുറി പാഴായി, ധോണി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ നടന്നത് ഘോഷയാത്ര

Webdunia
ബുധന്‍, 20 ജനുവരി 2016 (17:02 IST)
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, നാലാം ഏകദിനത്തിലും ഓസ്‌ട്രേലിയക്കെതിരെ ടീം ഇന്ത്യ മനോഹരമായി തോറ്റു. 349 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49.2 ഓവറില്‍ 323 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് (212) വിരാട് കോഹ്‍ലിയും ശിഖർ ധവാനും ഇന്ത്യയെ ജയിപ്പിക്കുമെന്ന് തോന്നിച്ചുവെങ്കിലും ഇരുവരും പുറത്തായശേഷം ധോണിപ്പട്ട ഗ്യാലറയിലേക്ക് ഘോഷയാത്ര നടത്തിയതോടെ ഓസീസിന് 25 റണ്‍സിന്റെ ജയം സ്വന്തമാകുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയ പരമ്പരയിൽ 4–0 ന് ലീഡ് നേടി.

കോഹ്‌ലിയും (106) ധവാനും (126)  ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചുവെങ്കിലും ഇരുവരും പുറത്തായശേഷം ഇന്ത്യ തകരുകയായിരുന്നു. 31 റണ്‍സിനിടെ ഇവരുടേതുൾപ്പെടെ ആറു വിക്കറ്റുകൾ പിഴുത ഓസീസ് ബോളർമാർ മൽസരത്തിൽ ഇന്ത്യ നേടിയ ആധിപത്യം തിരിച്ചുപിടിക്കുകയായിരുന്നു. മഹേന്ദ്ര ധോണി (0), ഗുർകീരത് സിങ് (5), രഹാനെ (2), റിഷി ധവാൻ (9), ഭുവനേശ്വർ കുമാർ (2), ഉമേഷ് യാദവ് (2), ജഡേജ (24) എന്നിവര്‍ പൊരുതാന്‍ പോലും തയാറാകാതെ മടങ്ങിയതോടെ മഞ്ഞപ്പട ജയം സ്വന്തമാക്കുകയായിരുന്നു. രോഹിത് ശര്‍മ്മ 41 റണ്‍സെടുത്തു.

85 പന്തിൽ നിന്നാണ് കോഹ്‍ലി പരമ്പരയിലെ തന്റെ രണ്ടാം സെഞ്ചുറി നേടിയത്. കോഹ്‍ലിയുടെ കരിയറിലെ 25-മത്  സെഞ്ചുറിയുമാണിത്. 11 ഫോറും ഒരു സിക്സും ഉൾപ്പെട്ടതാണ് കോഹ്‍ലിയുടെ സെ‍ഞ്ചുറി നേട്ടം.  92 പന്തിലാണ് ശിഖർ ധവാൻ സെഞ്ചുറി നേടിയത്. 12 ഫോറും രണ്ട് സിക്സും ഉൾപ്പെട്ടതാണ് ധവാന്റെ സെഞ്ചുറി.

ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറിയുടെ കരുത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ഒന്നാം വിക്കറ്റില്‍ ഫിഞ്ച്- വാര്‍ണര്‍ സഖ്യം187 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഫിഞ്ചിന്റെ സെഞ്ചുറിക്ക് പിന്നാലെ ക്യാപ്റ്റന്‍ സ്‌റ്റീവ് സ്മിത്ത് (51), ഗ്ളെന്‍ മാക്സ്വെല്‍ (41) എന്നിവരും മികച്ച പ്രകടനം കാഴ്‌ചവെച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാല് മത്സരവും ജയിച്ച് ഓസീസ് പരമ്പര സ്വന്തമാക്കി കഴിഞ്ഞു.