മല്യ ചടങ്ങിന് എത്തിയെന്നറിഞ്ഞതോടെ കോഹ്‌ലി എന്താണ് ചെയ്‌തത് ? - വീഡിയോ കാണാം

ചൊവ്വ, 6 ജൂണ്‍ 2017 (18:02 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി നടത്തുന്ന ജസ്റ്റിസ് ആന്‍ഡ് കെയര്‍ ഓര്‍ഗനയിസേഷന്റെ ഫണ്ട് ശേഖരാണ ചടങ്ങില്‍ ക്ഷണിക്കാതെ വിവാദ വ്യവസായി വിജയ് മല്യ എത്തിയത് വിവാദമാകുന്നു. എന്നാല്‍, മല്യ പരിപാടിക്കെത്തി എന്നു മനസിലാക്കിയ ഇന്ത്യന്‍ താരങ്ങള്‍ അസ്വസ്ഥരായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറും ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും ഉള്‍പ്പെടയുള്ളവര്‍ പങ്കെടുത്ത  ചടങ്ങിലേക്കാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മല്യ എത്തിയത്. വിജയ് മല്യ വന്നവിവരം അറിഞ്ഞതോടെ കോഹ്‌ലിയും ടീം അംഗങ്ങളും അസ്വസ്ഥരായി. കോഹ്‌ലിയാണ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായത്. അദ്ദേഹത്തിന്റെ മുഖ ഭാവത്തിന്‍ നിന്ന് ഇത് വ്യക്തമായിരുന്നുവെന്ന് ബിസിസിഐ വക്‍താവ് പറയുന്നു.

ചടങ്ങില്‍ വിവാദ നായകനായ മല്യ പങ്കെടുത്താലുണ്ടാകുന്ന തിരിച്ചടി ഭയന്ന കോഹ്‌ലിയും സംഘവും പരിപാടിയില്‍ നിന്ന് ഒഴിവാകാന്‍ നിർബന്ധിതരായി. ചടങ്ങ് വേഗം പൂര്‍ത്തിയാക്കാന്‍ കോഹ്‌ലി നിര്‍ദേശം നല്‍കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പിന്നാലെ വിവാദം ഭയന്ന് ടീമംഗങ്ങൾ മല്യയെ ചടങ്ങിൽ അവഗണിക്കുകയും ചെയ്‌തു.

“ചാരിറ്റി ഡിന്നർ ആയതിനാൽ വരുന്നവർ ആരൊക്കെയാണെന്ന് നേരത്തെ അറിയാനാവില്ല. അദ്ദേഹം അത്താഴത്തിനെത്തിയത്  ആരുടെയെങ്കിലും ക്ഷണം സ്വീകരിച്ചാവാം ” - എന്നാണ് ചടങ്ങിനുണ്ടായിരുന്നു ബിസിസിഐ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.

അതേസമയം, സുനിൽ ഗവാസ്കർ മല്യയോട് സംസാരിക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. എന്നാല്‍, ചടങ്ങിലേക്ക് മല്യയെ ക്ഷണിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക