ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് ആശിഷ് നെഹ്‌റ. സമ്മര്‍ദ്ദങ്ങള്‍ കൂളായി അതിജീവിക്കാനും അതിവേഗം തീരുമാനങ്ങള്‍ സ്വീകരിക്കാനും കഴിവുള്ള വ്യക്തിയാണ് അദ്ദേഹം. ഇത്രയും കൂളായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ക്യാപ്‌റ്റനെ ഞാന്‍ കണ്ടിട്ടില്ല. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. എന്റെ ഈ പരാമര്‍ശത്തില്‍ പത്രത്തില്‍ നിങ്ങള്‍ എങ്ങനെ എഴുതിയാലും കുഴപ്പമില്ലെന്നും നെഹ്‌റ പറഞ്ഞു.
പത്രം വായിക്കുകയോ ടെലിവിഷന്‍ കാണുകയോ ചെയ്യാത്ത എനിക്ക് നിങ്ങള്‍ എങ്ങനെ ഈ വാര്‍ത്ത കൈകാര്യം ചെയ്‌താലും പ്രശ്‌നമല്ല. വല്ലപ്പോഴും മാത്രമെ അഭിമുഖവും വാര്‍ത്താ കുറിപ്പും നല്‍കാറുള്ളൂ. ധോണിയെക്കുറിച്ച് ഞാന്‍ പറഞ്ഞതില്‍ മാറ്റമൊന്നുമില്ല. കൂളായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം ഷോഭിക്കാത്ത ഒരു നായകനുമാണ് മഹിയെന്നും നെഹ്‌റ പറഞ്ഞു.
മുഹമ്മദ് അസറുദിന്റെ കീഴില്‍ മുതല്‍ കളിച്ചു തുടങ്ങിയ തനിക്ക് സൌരവ് ഗാംഗുലിക്കൊപ്പം കളിച്ചത് മറക്കാന്‍ സാധിക്കില്ല.
യുവരാജും, സെവാഗും, സഹീറും പിന്നെ ഞാനുമായിരുന്നു ദാദയുടെ ടീമിലെ ചെറുപ്പക്കാര്‍. അനുഭവസമ്പത്ത് വളരെയധികമുള്ള അദ്ദേഹം പറയുന്നത് അനുസരിക്കുക മാത്രമാണ് താനടക്കമുള്ളവര്‍ ചെയ്‌തിരുന്നത്. ദാദയുടെ തീരുമാനങ്ങള്‍ മികച്ചതും ശരിയുമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറയാമായിരുന്നുവെന്നും നെഹ്‌റ പറഞ്ഞു.
2009മുതലാണ് ആണ് ധോണിക്ക് കീഴില്‍ കളിക്കുന്നത്. ആ സമയം ആയപ്പോഴേക്കും ഞാന്‍ പക്വമതിയായി കഴിഞ്ഞിരുന്നു. നായകനെന്ന നിലയില്‍ ധോണിയുടെ ശൈലിയും ബൗളര്‍ എന്ന നിലയില്‍ കൂടുതല്‍ കാര്യങ്ങളും ഞാന്‍ മനസ്സിലാക്കിയിരുന്നുവെന്നും നെഹ്‌റ പറയുന്നു.