ആവേശത്തിന് ഒട്ടും കുറവില്ലാതിരുന്ന അവസാന ട്വന്റി20 മൽസരത്തിൽ ഓസ്‌ട്രേലിയയെ ഇന്ത്യ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഷെയ്ന്‍ വാട്സണ്‍ന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ മറികടക്കുകയായിരുന്നു. സ്കോര്‍: ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ചിനു 197, ഇന്ത്യ 20 ഓവറില്‍ മൂന്നിനു 200. ജയത്തോടെ ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തി.
അവസാന പന്തു വരെ ആവേശം നീണ്ടു നിന്ന മൽസരത്തിനൊടുവിലാണ് ഇന്ത്യയുടെ ജയവും പരമ്പര തൂത്തുവാരിയതും.
അവസാന ഓവറില്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 17 റൺസ്. ക്രീസിലുണ്ടായിരുന്നത് സിക്‍സര്‍ വീരന്‍ യുവരാജ് സിംഗും, ആരാധകരുടെ പ്രതീക്ഷ കാത്ത യുവി ആദ്യ പന്തില്‍ തന്നെ ഫോര്‍ അടിച്ചതോടെ ഇന്ത്യന്‍ ക്യാമ്പ് ഉണര്‍ന്നു. രണ്ടാം പന്തില്‍ യുവി സിക്‍സര്‍ അടിച്ചതോടെ കളി ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു. എന്നാല്‍, ആകാംഷ അവസാനിച്ചിരുന്നില്ല. അടുത്ത പന്തില്‍ യുവരാജ് ഒരു റണ്‍ നേടിയതോടെ എല്ലാ കണ്ണുകളും സുരേഷ് റെയ്‌നയിലായി. നാലം പന്തിലും അഞ്ചാം പന്തിലും രണ്ട് റണ്‍സ് വീതം റെയ്‌ന നേടിയതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. അവസാന പന്തില്‍ ഓസീസ് ആരാധകരുടെ പ്രതീക്ഷകളെ ബൌണ്ടറിയിലേക്ക് പായിച്ച് റെയ്‌ന (പുറത്താവാതെ 49) ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു. രോഹിത് ശർമ (52), വിരാട് കോഹ്‌ലി (50), യുവരാജ് സിംഗ് (15) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
നേരത്തെ, ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഷെയ്ൻ വാട്സന്റെ സെഞ്ചുറിക്കരുത്തിൽ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു. വാട്സൻ പുറത്താകാതെ 124 റൺസെടുത്തു. 71 പന്തിൽ നിന്ന് 10 ഫോറുകളും ആറ് സിക്സുകളുമടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിംഗ്‌സ്. ഉസ്മാൻ ഖ്വാജ (14), ഷോൺ മാർഷ് (9), മാക്സ്‌വെൽ (3), ട്രാവിസ് ഹെഡ് (26), ക്രിസ് ലിൻ (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആശിഷ് നെഹ്റ, യുവരാജ് സിംഗ്, അശ്വിൻ, ജഡേജ, ബുംമ്ര എന്നിവർക്കാണ് വിക്കറ്റ്. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.