രാജ്കോട്ടിൽ ടി20 ക്രിക്കറ്റിൻ്റെ രാജാവ് ഉദിച്ചു, 45 പന്തിൽ സെഞ്ചുറി, വീണ്ടും അത്ഭുതപ്പെടുത്തി സൂര്യ

Webdunia
ഞായര്‍, 8 ജനുവരി 2023 (09:07 IST)
മനുഷ്യാനാവണമെടാ ആദ്യം. സൂര്യകുമാർ യാദവിൻ്റെ ശ്രീലങ്കക്കെതിരെയുള്ള മിന്നും പ്രകടനത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ വന്ന ട്രോൾ വാചകമാണിത്. ബാറ്റ് ചെയ്യുന്നത് സൂര്യയാകുമ്പോൾ ഈ പറയുന്നതിൽ കാര്യമുണ്ട് താനും. എങ്ങോട്ടിട്ടാലും അടി, ഗ്രൗണ്ടിൻ്റെ ഏത് മൂലയിലേക്കും അടി എന്ന നിലയിൽ സൂര്യ തകർത്താടുമ്പോൾ എതിരാളികൾക്ക് പോലും അയാളുടെ താണ്ഡവം കണ്ടിരിക്കുകയെ വഴിയുള്ളു.
 
ഇന്നലെ ഒരിക്കൽ കൂടി സൂര്യ തൻ്റെ ക്ലാസ് തെളിയിച്ചപ്പോൾ ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 20 ഓവറിൽ 228 എന്നകൂറ്റൻ സ്കോർ. 51 പന്തിൽ നിന്നും 7 ഫോറും 9 സിക്സറുകളും സഹിതം 112 റൺസുമായി സൂര്യ പുറത്താകാതെ നിന്നു. വെറും 45 പന്തിലായിരുന്നു സൂര്യയുടെ സെഞ്ചുറി. താരത്തിൻ്റെ മൂന്നാം ടി20 സെഞ്ചുറിയാണിത്. ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ 46ഉം രാഹുൽ ത്രിപാഠി 35 റൺസും നേടി.
 
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ഇഷാൻ കിഷൻ്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ ആദ്യ പന്ത് മുതൽ കടന്നാക്രമിച്ച രാഹുൽ ത്രിപാഠി ഇന്ത്യൻ സ്കോഓർ ഉയർത്തി. രാജ്യാന്തരക്രിക്കറ്റിലെ തൻ്റെ രണ്ടാമത്തെ മാത്രം മത്സരത്തിൽ നിർഭയനായി കളിച്ച ത്രിപാഠി കളിയുടെ മൊമൻ്റം മാറ്റിയാണ് പവലിയനിലേക്ക് മടങ്ങിയത്.16 പന്തിൽ 35 റൺസുമായി താരം തിളങ്ങി.
 
പിന്നാലെയെത്തിയ ഗിൽ- സൂര്യകുമാർ സഖ്യമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഗിൽ 36 പന്തിൽ നിന്ന് 46 റൺസെടുത്തു.പിന്നാലെയെത്തിയ ഹാർദ്ദിക് പാണ്ഡ്യയും ദീപക് ഹൂഡയും ഉടനെ തന്നെ മടങ്ങിയെങ്കിലും സൂര്യകുമാർ യാദവ് നിർദയം ശ്രീലങ്കൻ ബൗളർമാരെ പ്രഹരിച്ച് ഇന്ത്യൻ സ്കോർ ഉയർത്തി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article