വൈകിവന്ന സൂര്യതേജസ്; ഈ താരത്തില്‍ പ്രതീക്ഷകളേറെ

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2022 (08:41 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര നേട്ടം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഇന്ത്യ മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായമാണ്. അത്രത്തോളം മോശം അനുഭവമായിരുന്നു അത്. ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍. അടിമുടി മാറ്റങ്ങളാണ് ഇന്ത്യ ലക്ഷ്യംവച്ചിരിക്കുന്നത്. അതിന്റെ തുടക്കമായിരുന്നു വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ നായകസ്ഥാനം ഏറ്റെടുത്തത്. 
 
മധ്യനിരയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. ആദ്യ വിക്കറ്റുകള്‍ വേഗം നഷ്ടപ്പെട്ടാല്‍ മധ്യനിരയില്‍ നിന്നും വാലറ്റത്തു നിന്നും റണ്‍സ് വരാത്തത് പല മത്സരങ്ങളും തോല്‍ക്കാന്‍ കാരണമായി. ഈ തലവേദനയ്ക്ക് ഇപ്പോള്‍ പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ്. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് എന്ന 31 കാരനാണ് ഇന്ത്യയുടെ ആയുധം. അല്‍പ്പം വൈകിയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കിട്ടിയതെങ്കിലും തന്റെ അവസരം കൃത്യമായി സൂര്യകുമാര്‍ പ്രയോജനപ്പെടുത്തുന്നു. താന്‍ ടീമിന് എത്രത്തോളം അവിഭാജ്യഘടകമാണെന്ന് ഓരോ ഇന്നിങ്‌സ് കഴിയുമ്പോഴും സൂര്യകുമാര്‍ വ്യക്തമാക്കുന്നു. പക്വതയോടെ യാതൊരു ഭയവുമില്ലാതെ ബാറ്റ് ചെയ്യാനുള്ള കഴിവാണ് സൂര്യകുമാറിനെ വ്യത്യസ്തനാക്കുന്നത്. 
 
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 യില്‍ 18 പന്തില്‍ 34 റണ്‍സുമായി സൂര്യകുമാര്‍ പുറത്താകാതെ നിന്നു. ഇന്ത്യയുടെ വിജയത്തില്‍ സൂര്യ നിര്‍ണായക സാന്നിധ്യമായി. രണ്ടാം ട്വന്റി 20 മത്സരത്തില്‍ ആറ് പന്തില്‍ എട്ട് റണ്‍സുമായി സൂര്യ നിരാശപ്പെടുത്തിയെങ്കിലും മൂന്നാം ട്വന്റി 20 യില്‍ ഗംഭീര തിരിച്ചുവരവ് നടത്തി. 31 പന്തില്‍ 65 റണ്‍സാണ് സൂര്യകുമാര്‍ മൂന്നാം ട്വന്റി 20 യില്‍ നേടിയത്. ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ ടീമില്‍ തന്റെ സ്ഥാനം ഭദ്രമാക്കുകയാണ് സൂര്യകുമാര്‍.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article