ഏഷ്യാ കപ്പിലും ലോകകപ്പിലും സൂര്യകുമാര്‍ കളിക്കും; മോശം പ്രകടനത്തിനിടയിലും കൈവിടാതെ ബിസിസിഐ

ശനി, 15 ജൂലൈ 2023 (15:09 IST)
വരാനിരിക്കുന്ന രണ്ട് ഏകദിന മേജര്‍ ടൂര്‍ണമെന്റുകളിലും സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ബിസിസിഐ. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ഏഷ്യാ കപ്പ് നടക്കുക. ഒക്ടോബര്‍ അഞ്ച് മുതലാണ് ഏകദിന ലോകകപ്പ്. ഇന്ത്യയാണ് ഇത്തവണ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് നടക്കുന്നതിനാല്‍ ഇത്തവണ ഏഷ്യാ കപ്പും 50 ഓവര്‍ ഫോര്‍മാറ്റിലാണ് കളിക്കുന്നത്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമില്‍ ഉണ്ടാകും. 
 
ട്വന്റി 20 യില്‍ മികച്ച പ്രകടനം നടത്തുന്ന സൂര്യകുമാറിന് ഏകദിനത്തില്‍ തന്റെ പ്രതിഭയ്ക്കനുസരിച്ച് പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ട്വന്റി 20 ഫോം മാത്രം പരിഗണിച്ചാണ് സൂര്യക്ക് വരാനിരിക്കുന്ന രണ്ട് വലിയ ടൂര്‍ണമെന്റുകളിലും ഏകദിനത്തില്‍ അവസരം നല്‍കുന്നത്. മധ്യനിരയില്‍ വിരാട് കോലിക്കും ശ്രേയസ് അയ്യറിനുമൊപ്പമാണ് സൂര്യകുമാറിനെയും ബിസിസിഐ പരിഗണിക്കുന്നത്. 
 
ഏകദിന ഫോര്‍മാറ്റില്‍ ഈ വര്‍ഷം ആറ് കളികളാണ് സൂര്യ ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. നേടിയിരിക്കുന്നത് വെറും 49 റണ്‍സ് മാത്രം. ഇങ്ങനെയൊരു താരത്തിന് വീണ്ടും ഏകദിനത്തില്‍ അവസരം നല്‍കുന്നതിനെതിരെ ആരാധകര്‍ അടക്കം നേരത്തെ രംഗത്തെത്തിയിരിക്കുന്നു. എന്നാല്‍ സൂര്യകുമാറില്‍ വിശ്വാസമര്‍പ്പിക്കാനാണ് ബിസിസിഐ തീരുമാനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍