ചാമ്പ്യന്‍സ് ട്രോഫി അവസാനിച്ചതോടെ 2025 ഐപിഎല്‍ സീസണായിട്ടുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവരെ ഇന്ത്യയെന്ന വികാരം ഉള്ളില്‍ കൊണ്ടുനടന്ന ആരാധകരെല്ലാം വിവിധ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി പരസ്പരം പോരടിക്കുന്ന സമയമാണ് ഇനി വരാന്‍ പോകുന്നത്. ഇത്തവണ ഐപിഎല്ലിനൊരുങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ ശക്തമായ നിരയുമായാണ് ഇറങ്ങുന്നത്.
ഈ സാഹചര്യത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും അവരുടെ നായകനായ പാറ്റ് കമ്മിന്‍സിനെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പാറ്റ് കമ്മിന്‍സിന്റെ പ്രകടനം അത്ര മികച്ചതല്ലാത്തതിനാല്‍ എങ്ങനെ അദ്ദേഹം ടീമിനെ കൈകാര്യം ചെയ്യുമെന്ന് തനിക്ക് സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ കമ്മിന്‍സ് മികച്ച രീതിയില്‍ പന്തെറിയുകയും ടീമിനെ നയിക്കുകയും ചെയ്‌തെന്ന് ആകാശ് ചോപ്ര പറയുന്നു.
ഐപിഎല്ലിലെ ഏറ്റവും സ്‌ഫോടനാത്മകമായ ബാറ്റിംഗ് നിരയാണ് ഹൈദരാബാദിനുള്ളത്. അഞ്ചാം നമ്പര്‍ വരെയുള്ള അവരുടെ ബാറ്റിംഗ് പരിഗണിക്കുമ്പോള്‍ ഒരു ബാറ്റിംഗ് പവര്‍ ഹൗസാണ് അവര്‍ക്കുള്ളതെന്നും ആകാശ് ചോപ്ര പറയുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവര്‍ക്ക് പിന്നാലെ ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ കൂടി ചേരുമ്പോള്‍ ഐപിഎല്ലിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് നിരയാണ് ഹൈദരാബാദിന്റേത്. സ്പിന്നര്‍മാരായി ഇത്തവണ രാഹുല്‍ ചഹറും ആദം സാമ്പയുമുണ്ട്. ഹൈദരാബാദിന്റെ ശക്തമായ ടീമാണ്. ചോപ്ര കൂട്ടിച്ചേര്‍ത്തു.