കിംഗ് കോഹ്‌ലി ‘വീണു’; ടെസ്‌റ്റ് റാങ്കിംഗില്‍ സ്‌മിത്തിന്റെ പടയോട്ടം - നേട്ടമായത് ആഷസ് പോര്!

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (16:40 IST)
ഒരു വര്‍ഷത്തെ വിലക്കിന് ശേഷമുള്ള തിരിച്ചുവരവ് ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്ത്  രാജകീയമാക്കിയപ്പോള്‍ ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബഹുദൂരം പിന്നിലേക്ക്.

കഴിഞ്ഞ റാങ്കിംഗില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ മുന്നില്‍ നിന്ന സ്‌മിത്ത് പുതിയ റാങ്കിംഗില്‍ വിരാടുമായുള്ള വ്യത്യാസം 34 പോയന്റാക്കി ഉയര്‍ത്തി. 937 റേറ്റിംഗ് പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള ഓസീസ് താരത്തിനുള്ളത്.

2017ല്‍ നേടിയ തന്റെ എക്കാലത്തെയും മികച്ച റേറ്റിംഗ് പോയന്റിന് 10 പോയന്റ് മാത്രം പുറകിലാണ് സ്മിത്ത് ഇപ്പോള്‍. ആഷസ് നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയയെ സഹായിച്ചത് സ്‌മിത്തിന്റെ മികച്ച ഇന്നിംഗ്‌സുകളായിരുന്നു. മാഞ്ചസ്‌റ്റര്‍ ടെസ്‌റ്റിലെ പ്രകടനമാണ് സ്‌മിത്തിന്റെ കുതിപ്പിന് കാരണമായത്.

മാഞ്ചസ്‌റ്ററില്‍ നടന്ന നാലാം ടെസ്‌റ്റില്‍ പൊരുതി നേടിയ ഇരട്ടസെഞ്ചുറിയടക്കം ഈ ആഷസില്‍ 134.20 ശരാശരിയില്‍ 671 റണ്‍സാണ് സ്‌മിത്ത് ഇതുവരെ നേടിയത്.

ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര നാലാമതും അജിങ്ക്യാ രഹാനെ ഏഴാമതുമാണ്. 914 റേറ്റിംഗ് പോയന്റുമായി ബൗളിംഗ് റാങ്കിംഗില്‍ ഓസീസ് പേസര്‍ പാറ്റ് കമിന്‍സാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയും ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയും രണ്ടു മൂന്നും സ്ഥാനങ്ങളിലുണ്ട്.

ഇന്ത്യക്ക് ഇനി ദക്ഷിണാഫ്രിക്കയുമായിട്ടാണ് ടെസ്‌റ്റ് മത്സരങ്ങള്‍ കളിക്കാനുള്ളത്. മൂന്ന് ടെസ്‌റ്റുകളാണ് ഈ പരമ്പരയിലുള്ളത്. ഈ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ കോഹ്‌ലിക്ക് സ്‌മിത്തുമായുള്ള പോയന്റ് വ്യത്യാസം കുറയ്‌ക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article