ഇന്ത്യൻ ടീമിലേക്ക് ശ്രീശാന്ത് മടങ്ങിവരുമോ? കത്തയക്കാൻ തയ്യാറായി ശ്രീ

തിങ്കള്‍, 6 ഫെബ്രുവരി 2017 (11:01 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാൻ ആഗ്രഹമുണ്ടെന്ന് ശ്രീശാന്ത്. ശ്രീശാന്തിന് ടീമിലേക്ക് മടങ്ങിയെത്താൻ അവസരമുണ്ടെന്ന് ബി സി സി ഐ വൈസ് പ്രസിഡന്റ് ടി സി മാത്യു വ്യക്തമാക്കി. ടി സി മാത്യുവിന്റെ നിർദേശമനുസരിച്ചു ശ്രീശാന്ത് ഇന്നു ബി സി സി ഐ ഭരണസമിതി അധ്യക്ഷനു കത്തെഴുതും. 
 
കാഴ്ചപരിമിതർക്കായുള്ള ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് വേദിയായ രാജഗിരി മൈതാനത്ത് എത്തിയപ്പോഴാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീശാന്തിന്റെ തിരിച്ചുവരവ് അടഞ്ഞ അധ്യായമല്ല. ആശിഷ് നെഹ്റയ്ക്കു മുപ്പതുകളുടെ രണ്ടാം പകുതിയിൽ ഇന്ത്യൻ ടീമിലേക്കു തിരിച്ചുവരവു നടത്താനും മാച്ച് വിന്നറാകാനും കഴിയുമെങ്കിൽ ശ്രീശാന്തിനും അതു സാധ്യമാകും. ടി സി മാത്യു വ്യക്തമാക്കി.
 
ഇക്കാര്യങ്ങൾ വ്യക്തമാക്കി ബി സി സി ഐ ഭരണസമിതിക്ക് ഇന്നു കത്തയയ്ക്കാനാണ് തന്റെ തീരുമാനമെന്ന് ശ്രീശാന്ത് പറഞ്ഞു. കോടതി കുറ്റമുക്തനാക്കിയിട്ടും ബിസിസിഐ നിലപാടു വ്യക്തമാക്കുന്നില്ലെന്നു ശ്രീശാന്ത് നേരത്തേ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക