ശ്രീലങ്കക്കെതിരായ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക റണ്‍മല തീര്‍ത്തപ്പോള്‍ തകര്‍ന്നുവീണത് ഒട്ടനേകം റെക്കോര്‍ദുകള്‍. മത്സരത്തില്‍ ക്വിന്റണ്‍ ഡികോക്ക്(100), റാസി വാന്‍ ഡര്‍ ഡസ്സന്‍(108), എയ്ഡന്‍ മാര്‍ക്രം(106) എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ചുറി നേടിയിരുന്നു. മൂന്ന് സെഞ്ചുറി പ്രകടനങ്ങളുടെ മികവില്‍ അഞ്ച് വിക്കറ്റിന് 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഏകദിന ലോകകപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
2015ലെ ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ നേടിയ ആറ് വിക്കറ്റിന് 417 റണ്‍സെന്ന റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. 2007ല്‍ ഇന്ത്യ ബര്‍മുഡയ്‌ക്കെതിരെ നേടിയ 413 റണ്‍സും 2015ല്‍ അയര്‍ലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 414 റണ്‍സും അതേ ലോകകപ്പില്‍ വിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 408 റണ്‍സുമാണ് ടോപ് അഞ്ചിലെ മറ്റ് പ്രകടനങ്ങള്‍.
ഇതോടെ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 400+ സ്‌കോറുകള്‍ നേടുന്ന ടീമായി ദക്ഷിണാഫ്രിക്ക മാറി. ഇത് മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ 400+ റണ്‍സുകള്‍ സ്വന്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഏകദിനത്തിലെ മികച്ച നാലാമത്തെ ടോട്ടല്‍ കൂടിയാണിത്. 2015ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 2 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 439 റണ്‍സാണ് ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.