പ്രോട്ടീസിനെ ഇംഗ്ലീഷ് പട ചാമ്പലാക്കി; ദക്ഷിണാഫ്രിക്കന്‍ റണ്‍മല കീഴടക്കി ഇംഗ്ലണ്ട്

Webdunia
ശനി, 19 മാര്‍ച്ച് 2016 (01:28 IST)
ബാറ്റ്‌സ്‌മാന്‍‌മാര്‍ തകര്‍ത്താടിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കി ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പില്‍ ആദ്യജയം സ്വന്തമാക്കി. പ്രോട്ടീസ് അടിച്ചുകൂട്ടിയ 229 റൺസെന്ന കൂറ്റൻ സ്കോർ ഇംഗ്ലീഷ് താരങ്ങൾ പുല്ലുപോലെ മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക 20 ഓവറിൽ നാലിന് 229. ഇംഗ്ലണ്ട് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 230. ഇംഗ്ലീഷ് വിജയം രണ്ട് വിക്കറ്റിന്.

ഓപ്പണര്‍ ജാസണ്‍ റോയുടെയും ജോയ് റൂട്ടിന്റെയും ബലത്തിലാണ് അസാധ്യമെന്ന്​ തോന്നിച്ച വിജയം ഇംഗ്ളണ്ട് എത്തിപ്പിടിച്ചത്. റോയ്16 പന്തില്‍ 43 റണ്‍സ് നേടിയ​പ്പോള്‍ ആറു സിക്‍സും നാല് ഫോറും ഉള്‍പ്പെടെ 44 പന്തില്‍ 83 റണ്‍സാണ് ജോയ് റൂട്ട് അടിച്ചുകൂട്ടിയത്​. ഏഴു പന്തു മാത്രം നേരിട്ട അലക്സ് ഹെയ്‌ൽസ് നാലു ബൗണ്ടറികളോടെ 17 റൺസ് നേടി മടങ്ങി. പിന്നാലെ എത്തിയവരെല്ലാം തങ്ങളുടേതായ രീതിയിൽ മികച്ച സംഭാവനകൾ നൽകി. ബെൻ സ്റ്റോക്സ് (ഒൻപത് പന്തിൽ 15), ഇയാൻ മോർഗൻ (12), ജോസ് ബട്‌ലർ (21), ക്രിസ് ജോർദാൻ (5) എന്നിവരെല്ലാം ചേർന്ന് ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമല കടത്തി.

ദക്ഷിണാഫ്രിക്കൻ നിരയിൽ ഏറ്റവും കുറച്ച് തല്ലു വാങ്ങിയത് ഇമ്രാൻ താഹിർ; നാല് ഓവറിൽ 28. ബാക്കിയെല്ലാവരും ഓവറിൽ 10 റൺസിലേറെ വഴങ്ങി. കൈൽ ആബട്ട് നാല് ഓവറിൽ 40, റബഡ നാല് ഓവറിൽ 48, സ്റ്റെയിൻ രണ്ട് ഓവറിൽ 35 എന്നിങ്ങനെയായിരുന്നു ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ പ്രകടനം.

നേരത്തെ,​ ദക്ഷിണാഫ്രിക്ക മൂന്ന് അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ 229 റൺസ് ഉയർത്തുകയായിരുന്നു. ഓപ്പണർമാരായ ഹാഷിം ആംല (58)​യും ഡീകോക്കും (52)​ ചേർന്ന് 7.1 ഓവറിൽ സ്കോറ് നൂറ് റൺസിലേക്ക് എത്തിച്ചു. തുടർന്ന് ഡുമിനി (54), ഡേവിഡ് മില്ലർ (28), ഡുപ്ലെസി (17) എന്നിവര്‍ റണ്‍സ് കണ്ടെത്തി.