ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി. സഞ്ജു സാംസണ്‍, തിലക് വര്‍മ, പ്രസിദ് കൃഷ്ണ എന്നിവരെ ഒഴിവാക്കിയാണ് ഗാംഗുലിയുടെ ലോകകപ്പ് ടീം. ശ്രേയസ് അയ്യരും കെ.എല്‍.രാഹുലും ടീമില്‍ ഇടം പിടിച്ചു.
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഗാംഗുലിയുടെ ഓപ്പണര്‍മാര്‍. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മറ്റ് ബാറ്റര്‍മാര്‍. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ തിരഞ്ഞെടുത്തു.
ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. രവിചന്ദ്രന്‍ അശ്വിന് ടീമില്‍ ഇടമില്ല. പ്രധാന സ്പിന്നറായി കുല്‍ദീപ് യാദവ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് പേസര്‍മാര്‍. ഏതെങ്കിലും ബാറ്റര്‍മാര്‍ക്ക് പരുക്ക് പറ്റിയാല്‍ ബാക്കപ്പ് ഓപ്ഷനായി തിലക് വര്‍മയെ പരിഗണിക്കാം. സ്പിന്നര്‍മാര്‍ക്ക് ബാക്കപ്പായി യുസ്വേന്ദ്ര ചഹല്‍, പേസര്‍മാര്‍ക്ക് ബാക്കപ്പായി പ്രസിദ് കൃഷ്ണയെ പരിഗണിക്കാമെന്നും ഗാംഗുലി പറയുന്നു.