2003 World Cup Final: ഏകദിന ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ നേരിടും. നവംബര്‍ 19 ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലാണ് ഫൈനല്‍. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഏകദിന ലോകകപ്പില്‍ ഒരു ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ നടന്നിട്ടുള്ളത്. 2003 ലോകകപ്പില്‍ ആയിരുന്നു അത്. സൗരവ് ഗാംഗുലിയാണ് 2003 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത്. റിക്കി പോണ്ടിങ് ആയിരുന്നു ഓസീസ് നായകന്‍. 125 റണ്‍സിന് ഇന്ത്യ ഓസീസിനോട് തോറ്റു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 359 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 39.2 ഓവറില്‍ 234 ന് ഓള്‍ഔട്ടായി. 20 വര്‍ഷം മുന്‍പത്തെ തോല്‍വിക്ക് പകരംവീട്ടാന്‍ ഇന്ത്യക്ക് ലഭിക്കുന്ന അവസരമാണ് ഈ ലോകകപ്പ് ഫൈനല്‍. 2003 ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ടൂര്‍ണമെന്റിലെ താരം. 673 റണ്‍സാണ് ഈ ടൂര്‍ണമെന്റില്‍ സച്ചിന്‍ അടിച്ചുകൂട്ടിയത്.
2003 മാര്‍ച്ച് 23 ന് ദക്ഷിണാഫ്രിക്കയിലെ ജോഹ്നാസ് ബര്‍ഗിലാണ് ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ നടന്നത്. ടോസ് ലഭിച്ച ശേഷം ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ച സൗരവ് ഗാംഗുലിയുടെ തീരുമാനം അന്ന് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയെ പോലെ കരുത്തുറ്റ ബാറ്റിങ് ലൈനപ്പ് ഉള്ള ടീമിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അനുവദിക്കുന്നത് ആത്മഹത്യാപരം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഓസ്‌ട്രേലിയയെ ആദ്യം ബാറ്റ് ചെയ്യാന്‍ അനുവദിച്ച ഗാംഗുലിയുടെ തീരുമാനം ഇപ്പോഴും വിമര്‍ശിക്കപ്പെടുന്നുണ്ട്.
അതേസമയം ടോസ് ലഭിച്ചാല്‍ ആദ്യം ബൗളിങ് ചെയ്യുക എന്നത് ഫൈനലിനു മുന്‍പ് ഇന്ത്യന്‍ ടീം ഒറ്റക്കെട്ടായി എടുത്ത തീരുമാനം ആയിരുന്നു. ഫൈനലിന് തലേന്ന് ജോഹ്നാസ് ബര്‍ഗില്‍ ശക്തമായ മഴ പെയ്തിരുന്നു. ഫൈനല്‍ ദിവസവും മഴ വില്ലനായി. പിച്ചും ഔട്ട്ഫീല്‍ഡും വളരെ സ്ലോ ആയിരിക്കുമെന്നും അതുകൊണ്ട് ആദ്യം ബാറ്റ് ചെയ്യുക ദുഷ്‌കരമാണെന്നും ഇന്ത്യ വിലയിരുത്തി. 280 ന് താഴെ ഓസ്‌ട്രേലിയയെ തളയ്ക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ചേസ് ചെയ്തു വിജയിക്കാമെന്നായിരുന്നു സൗരവ് ഗാംഗുലിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചതോടെ ഇന്ത്യ മത്സരത്തില്‍ ബാക്ക്ഫൂട്ടിലായി.
ആദം ഗില്‍ക്രിസ്റ്റ് (48 പന്തില്‍ 57), മാത്യു ഹെയ്ഡന്‍ (54 പന്തില്‍ 37) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസീസിനു നല്‍കിയത്. പിന്നാലെ എത്തിയ റിക്കി പോണ്ടിങ്ങിനെ തളയ്ക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. 121 പന്തില്‍ നാല് ഫോറും എട്ട് സിക്‌സും സഹിതം 140 റണ്‍സുമായി പോണ്ടിങ് പുറത്താകാതെ നിന്നു. ഡാമിയന്‍ മാര്‍ട്ടിന്‍ (84 പന്തില്‍ പുറത്താകാതെ 88) പോണ്ടിങ്ങിനു ശക്തമായ പിന്തുണ നല്‍കി.
രണ്ടാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതല്‍ പിഴച്ചു. ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വെറും നാല് റണ്‍സെടുത്ത് മടങ്ങി. 81 പന്തില്‍ 82 റണ്‍സ് നേടിയ വിരേന്ദര്‍ സെവാഗും 57 പന്തില്‍ 47 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡും മാത്രമാണ് ഇന്ത്യക്കായി അല്‍പ്പമെങ്കിലും പൊരുതിയത്. നായകന്‍ സൗരവ് ഗാംഗുലി 25 പന്തില്‍ 24 റണ്‍സ് നേടി. ഗ്ലെന്‍ മഗ്രാത്ത് മൂന്ന് വിക്കറ്റും ബ്രെറ്റ് ലീ, ആന്‍ഡ്രൂ സൈമണ്ട്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ചു.