ലോർഡ്‌സിലെ തീപ്പൊരി പ്രകടനം, ഇതിഹാസതാരം കപിൽ ദേവിന്റെ റെക്കോഡ് തകർത്ത് മുഹമ്മദ് സിറാജ്

Webdunia
ചൊവ്വ, 17 ഓഗസ്റ്റ് 2021 (18:15 IST)
ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ ഐതിഹാസികമായ വിജയം സ്വന്തമാക്കാനായതിന്റെ ആവേശത്തിലാണ് ഇന്ത്യ. ഇരുടീമിലെയും താരങ്ങൾ കളിക്കളത്തിൽ ഏറ്റുമുട്ടിയപ്പോൾ തീ പാറുന്ന പോരാട്ടമായിരുന്നു ലോർഡ്‌സിൽ നടന്നത്. മത്സരത്തിൽ ഏറ്റവും നിർണായകമായതാകട്ടെ ഇന്ത്യൻ ബൗളർമാരുടെ പ്രകടനവും. അതിൽ തന്നെ എടുത്തുപറയേണ്ടത് ഇന്ത്യയുടെ മുഹമ്മദ് സിറാജിനെയാണ്.
 
മത്സരത്തിൽ രണ്ടിന്നിങ്സുകളിലുമായി 8 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ  മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് മുഹമ്മദ് സിറാജ്. മത്സരത്തിന്റെ രണ്ടാമിന്നിങ്‌സിൽ ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 120 റൺസിനാണ് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും ഇഷാന്ത് ശർമ്മ രണ്ട് വിക്കറ്റും മൊഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി.
 
 ആദ്യ ഇന്നിങ്സി നാല് വിക്കറ്റുമടക്കം മത്സരത്തിൽ 126 റൺസ് വഴങ്ങി 8 വിക്കറ്റുകൾ സിറാജ് വീഴ്ത്തി. ഇതോടെ ലോർഡ്സിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടം സിറാജ് സ്വന്തമാക്കി.
 
1982 ൽ ലോർഡ്സിൽ 168 റൺസ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡാണ് സിറാജ് തകർത്തത്. 2007 ൽ 117 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ആർ പി സിങ്, 1996 ൽ 130 റൺസ് വഴങ്ങി 7 വിക്കറ്റ് നേടിയ വി പ്രസാദ്, 2014 ൽ 135 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മ എന്നിവരാണ് സിറാജിന് പിന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article