ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യയുടെ രക്ഷകനായി യുവതാരം ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ 11 ഇന്നിങ്ങ്‌സുകളിലും പരാജയമായിരുന്ന ഗില്ലിന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അവസരം നല്‍കിയതിനെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് രണ്ടാം ഇന്നിങ്ങ്‌സിലെ സെഞ്ചുറിയോടെ താരം മറുപടി നല്‍കിയത്. രണ്ടാം ഇന്നിങ്ങ്‌സിലും മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ കോലി ടീമില്‍ തിരിച്ചെത്തുന്നതോടെ ഗില്ലിന്റെ സ്ഥാനം നഷ്ടമാകുമെന്നാണ് കരുതിയിരുന്നത്.
മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പുറത്താവുമെന്ന സൂചന നല്‍കാതെയായിരുന്നു ഗില്ലിന്റെ പ്രകടനം. സെഞ്ചുറിയ്ക്ക് ശേഷം വലിയ ആഹ്‌ളാദപ്രകടനങ്ങള്‍ ഒന്നും തന്നെ ഗില്‍ നടത്തിയില്ല. ഡ്രസ്സിംഗ് റൂമിന് നേരെ ബാറ്റുയര്‍ത്തുക മാത്രമാണ് യുവതാരം നേടിയത്. ടെസ്റ്റില്‍ കഴിഞ്ഞ 11 മാസത്തിനിടെ ഗില്‍ നേടുന്ന ആദ്യ സെഞ്ചുറിയാണിത്. 30 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കെ ക്രീസിലെത്തിയ ഗില്‍ ആദ്യം ശ്രേയസ് അയ്യര്‍ക്കൊപ്പവും പിന്നീട് അക്‌സര്‍ പട്ടെലിനൊപ്പവും ഇകച്ച കൂട്ടുകെട്ടുണ്ടാക്കി. 147 പന്തില്‍ 11 ബൗണ്ടറിയും 2 സിക്‌സറും സഹിതം 104 റണ്‍സാണ് താരം നേടിയത്. സെഞ്ചുറി നേടിയതിന് പിന്നാലെ ഷോയ്ബ് ബഷീറിനെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെ കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്.