Shubman gill: ഫൈനലിലും സെഞ്ചുറി പിറക്കുമോ കോലിയുടെ ആ നേട്ടം എത്തിപ്പിടിക്കാൻ ഗില്ലിനാകുമോ?

Webdunia
ഞായര്‍, 28 മെയ് 2023 (12:38 IST)
ഐപിഎല്‍ 2023 സീസണില്‍ എതിരാളികളെ തച്ചുതകര്‍ത്ത് ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍ ബാറ്റ് വീശുന്നത്. കഴിഞ്ഞ നാല് ഇന്നിങ്ങ്‌സുകളില്‍ നിന്നും 3 സെഞ്ചുറി സ്വന്തമാക്കിയ താരം ഈ സീസണില്‍ കളിച്ച 16 മത്സരങ്ങളില്‍ നിന്നും 851 റണ്‍സ് ഇതിനോടകം നേടികഴിഞ്ഞു. അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കാനായി ധോനിയും ചെന്നൈയും തുനിഞ്ഞിറങ്ങുമ്പോള്‍ ചെന്നൈയ്ക്ക് മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളിയാവുക ശുഭ്മാന്‍ ഗില്‍ തന്നെയാകും.
 
നിലവിലെ ഫോം ഫൈനലിലും ആവര്‍ത്തിക്കാനായാല്‍ ഗില്ലിനെ തടയുക ചെന്നൈ ബൗളര്‍മാര്‍ക്ക് എളുപ്പമാകില്ല. അതേസമയം ഐപിഎല്ലില്‍ ഇനിയാര്‍ക്കും തകര്‍ക്കാനാകുമെന്ന് കരുതിയിരുന്ന ഒരു റെക്കോര്‍ഡ് നേട്ടത്തിനരികെയാണ് ശുഭ്മാന്‍ ഗില്‍. ഇന്ന് നടക്കുന്ന മത്സരത്തില്‍ 123 റണ്‍സ് നേടിയാല്‍ 2016 ഐപിഎല്‍ സീസണില്‍ കോലി നേടിയ 973 റണ്‍സ് എന്ന നേട്ടം മറികടക്കാന്‍ ഗില്ലിന് സാധിക്കും. 2016 സീസണില്‍ 4 സെഞ്ചുറികളും 7 ഫിഫ്റ്റികളുമടക്കമാണ് വിരാട് കോലി 973 റണ്‍സ് അടിച്ചെടുത്തത്. 16 മത്സരങ്ങളില്‍ നിന്നായിരുന്നു താരത്തിന്റെ നേട്ടം.
 
കോലിയ്ക്ക് ശേഷം മറ്റൊരു ബാറ്റര്‍ക്കും 900 റണ്‍സ് എന്ന കടമ്പ ഐപിഎല്ലില്‍ മറികടക്കാനായിട്ടില്ല. ഇന്ന് നടക്കുന്ന മത്സരത്തില്‍ 41 റണ്‍സ് നേടാനായാല്‍ കോലിയ്ക്ക് ശേഷം ഐപിഎല്ലില്‍ ഒരു സീസണില്‍ 900 റണ്‍സ് നേടുന്ന ആദ്യതാരമെന്ന നേട്ടവും ഗില്ലിന് സ്വന്തമാകും. സെഞ്ചുറി നേടാന്‍ സാധിക്കുകയാണെങ്കില്‍ കോലിയ്ക്കും ജോസ് ബട്ട്‌ലറിനും ശേഷം ഒരു ഐപിഎല്‍ സീസണില്‍ 4 സെഞ്ചുറികള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടവും ഗില്ലിന് സ്വന്തമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article