ധവാന്‍ ബൗളിംഗ് ആക്ഷനില്‍ കുടുങ്ങി; 14 ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാകാന്‍ നിര്‍ദേശം

ബുധന്‍, 9 ഡിസം‌ബര്‍ 2015 (14:51 IST)
ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്‌സ്‌മാന്‍ ശിഖിര്‍ ധവാന്‍ ബൗളിംഗ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍. ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ധവാന്റെ ബൗളിങ് ആക്ഷനില്‍ സംശയം രേഖപ്പെടുത്തി മാച്ച് ഒഫീഷ്യല്‍സ് ഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കി. പാര്‍ട്ട് ടൈം ഓഫ് സ്പിന്‍ എറിയുന്ന ധവാന്‍റെ ബൌളിങ് ആക്ഷന്‍ സംശയകരമാണെന്ന് മാച്ച് റഫറി കണ്ടെത്തി.

14 ദിവസത്തിനകം ധവാന്റെ ബൗളിംഗ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷമേ ആക്ഷന്‍ നിയവിരുദ്ധമാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. പരിശോധന ഫലം പുറത്തുവരുന്നതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധവാന് ബൗള്‍ ചെയ്യാനാകും. താരത്തിന്‍റെ ബൗളിംഗില്‍ സംശയം പ്രകടമാക്കിയുള്ള റിപ്പോര്‍ട്ട് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന് കൈമാറിയതായി ഐസിസി അറിയിച്ചു.

നാലാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക അമിത പ്രതിരോധത്തില്‍ ഉറച്ചുനിന്ന രണ്ടാം ഇന്നിങ്‌സിലാണ് ധവാന്‍ ബൗളിങ്ങിനെത്തിയത്. മൂന്ന് ഓവര്‍ ബൗള്‍ ചെയ്തത്. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 9 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ധവാന്‍ ഇന്ത്യയുടെ അംഗീകൃത ബോളറൊന്നുമല്ലാത്തതിനാല്‍ വിഷയത്തെ ഇന്ത്യന്‍ മാനേജ്‌മെന്റ് ഗൌരവത്തിലെടുത്തിട്ടില്ല.

വെബ്ദുനിയ വായിക്കുക