'ഒറ്റ രാത്രികൊണ്ട് ആരും സൂപ്പർതാരം ആകില്ല' പന്തിനെ പിന്തുണച്ച് രവിശാസ്ത്രി

അഭിറാം മനോഹർ
വ്യാഴം, 28 നവം‌ബര്‍ 2019 (10:18 IST)
ഇന്ത്യൻ വിക്കറ്റ് കീപ്പിങ് താരം ഋഷഭ് പന്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് സൂചിപ്പിച്ച് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. കളിക്കാർ പിഴവുകൾ വരുത്തുമെന്നും ഒരൊറ്റ ദിവസം കൊണ്ട് ആരും തന്നെ സൂപ്പർ താരങ്ങൾ ആവില്ലെന്നുമാണ് രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്.
 
നിലവിൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ പിൻഗാമിയായി ബി സി സി ഐ കണക്കാക്കിയിട്ടുള്ള പന്തിന്  നിരവധി അവസരങ്ങളാണ് വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇതുവരെ നൽകിയിട്ടുള്ളത്. കീപ്പർ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും സമീപകാലങ്ങളിലായി മികച്ച പ്രകടനങ്ങൾ ഒന്നും തന്നെ കാഴ്ചവെച്ചിട്ടില്ലെങ്കിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും പന്ത് ഇടം നേടി. 
 
സഞ്ജു സാംസൺ ആഭ്യന്തരക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തി ടീമിൽ ഊഴം കാത്ത് നിൽക്കുമ്പോൾ പന്തിന് തുടരെ അവസരങ്ങൾ നൽകുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വെസ്റ്റിൻഡീസിനെതിരായ അടുത്ത പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന ചോദ്യം അന്തരീക്ഷത്തിൽ നിൽക്കുമ്പോഴാണ് ഇന്ത്യൻ കോച്ച് കൂടിയായ രവി ശാസ്ത്രി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
 
കണ്ണടച്ച് തുറക്കുന്നതിനുള്ളിൽ പന്ത് സൂപ്പർ താരമാകുമെന്ന് ഞങ്ങളാരും കരുതുന്നില്ല, കളിയിൽ പിഴവുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ സംഭവിച്ച പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ശാസ്ത്രി പറഞ്ഞു. 
 
ഡിസംബർ ആറിനാണ് ഇന്ത്യാ വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം മത്സരം സഞ്ജുവിന്റെ ഹോം ഗ്രൗണ്ട് കൂടിയായ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും നടക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article