Rinku Singh: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിരാശനായി റിങ്കു സിങ്. 15 അംഗ സ്‌ക്വാഡില്‍ റിങ്കുവിന് സ്ഥാനമില്ല. റിസര്‍വ് താരങ്ങളുടെ പട്ടികയിലാണ് റിങ്കുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15 അംഗ സ്‌ക്വാഡില്‍ ആര്‍ക്കെങ്കിലും പരുക്ക് പറ്റി പുറത്തായാല്‍ മാത്രമേ റിസര്‍വ് താരങ്ങളില്‍ നിന്ന് ഒരാളെ കളിപ്പിക്കാന്‍ സാധിക്കൂ.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും റിങ്കുവിനെ 15 അംഗ സ്‌ക്വാഡില്‍ പരിഗണിക്കാത്തത് നീതികേടായെന്നാണ് ആരാധകരുടെ അഭിപ്രായം. സമീപകാലത്തൊന്നും ട്വന്റി 20 ഫോര്‍മാറ്റില്‍ റിങ്കുവിനെ പോലൊരു ഫിനിഷറെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാനുള്ള പ്രത്യേക കഴിവ് റിങ്കുവിനുണ്ട്. എന്നിട്ടും ലോകകപ്പ് സ്‌ക്വാഡില്‍ അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദിക്കുന്നു.
ഈ സീസണില്‍ ഒന്‍പത് കളികളില്‍ നിന്ന് 150 സ്‌ട്രൈക്ക് റേറ്റില്‍ 123 റണ്‍സാണ് റിങ്കു നേടിയിരിക്കുന്നത്. കൊല്‍ക്കത്ത താരമായ റിങ്കുവിന് ഈ സീസണില്‍ ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിച്ചിട്ടില്ല. എങ്കിലും അവസരം ലഭിച്ച മത്സരങ്ങളില്‍ റിങ്കു തന്റെ മികവ് പുറത്തെടുത്തിരുന്നു. മോശം ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ ലോകകപ്പ് കളിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ റിങ്കു സിങ് തന്നെയെന്ന് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.