ഡിവില്ലിയേഴ്‌സിന് എന്തുപറ്റി; ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എതിരാളികള്‍ സന്തോഷത്തില്‍, എബിക്ക് എന്താണ് സംഭവിച്ചതെന്ന് ക്രിക്കറ്റ് ലോകം ചോദിക്കുന്നു
ബോളര്‍മാരുടെ പേടിസ്വപ്‌നമാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ്. കൂറ്റനടികളിലൂടെ നിരവധി റെക്കോഡുകളും എബി സ്വന്തം പേരിലാക്കിയിട്ടുണ്ട്. എന്നാല്‍ 2016ല്‍ താന്‍ നേടിയ റെക്കോഡ് ഡിവില്ലിയേഴ്‌സിന്റെ കരിയറില്‍ ബ്ലാക് മാര്‍ക്ക് വീഴ്ത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയത്. 2016 പിറന്ന് രണ്ട് മാസം പിന്നിടുമ്പോള്‍ നാലു തവണയാണ് വെടിക്കെട്ട് താരം പൂജ്യനായി മടങ്ങിയത്.
ഓസ്‌ട്രേലിയക്കെതിരെ വെള്ളിയാഴ്ച്ച നടന്ന മത്സരത്തിലാണ് ഡിവില്ലേഴ്‌സ് അവസാനമായി പൂജ്യനായി മടങ്ങിയത്. പത്ത് വര്‍ഷം നിണ്ട കരിയറിലെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് ഈ കൂറ്റനടിക്കാരന്‍ കടന്നു പോകുന്നത്. ട്വന്റി-20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയയ ബാറ്റ്‌സ്‌മാന്‍ തിരിച്ചുവരുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം, എബിയുടെ ഫോം നഷ്‌ടപ്പെട്ടതില്‍ എതിരാളികള്‍ സന്തോഷത്തിലാണ്. ദക്ഷിണാഫ്രിക്കയുടെ കരുത്തന് എന്താണ് സംഭവിച്ചതെന്നാണ് സോഷ്യല്‍ മീഡയകളില്‍ ചോദ്യം ഉയരുന്നത്.