ഐപിഎല്ലില്‍ ഒച്ചിഴയുന്ന പോലെ,ടെസ്റ്റില്‍ ആറ്റം ബോംബ്: ചര്‍ച്ചയായി സര്‍ഫറാസിന്റെ പ്രഹരശേഷി

അഭിറാം മനോഹർ

തിങ്കള്‍, 19 ഫെബ്രുവരി 2024 (14:55 IST)
Sarfaraz khan
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ യുവതാരമായ സര്‍ഫറാസ് ഖാന്‍. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിലെ രണ്ടിന്നിങ്ങ്‌സിലും അര്‍ധസെഞ്ചുറികളുമായി താരം മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ 66 പന്തില്‍ നിന്നും 62 റണ്‍സും രണ്ടാമിന്നിങ്ങ്‌സില്‍ പുറത്താകാതെ 72 പന്തില്‍ 68 റണ്‍സുമായിരുന്നു താരം നേടിയത്.
 
ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് യുവതാരം. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ 3 വര്‍ഷത്തിലേറെയായി സ്ഥിരമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെയ്ക്കുന്നത്. ദീര്‍ഘകാലമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും അവഗണിക്കപ്പെട്ടെങ്കിലും കിട്ടിയ അവസരത്തില്‍ അതിനെല്ലാം കൂടി മറുപടി നല്‍കിയിരിക്കുകയാണ് താരം. ടെസ്റ്റില്‍ 94 പ്രഹരശേഷിയിലാണ് സര്‍ഫറാസ് റണ്‍സ് അടിച്ചുകൂട്ടിയതെങ്കില്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 85 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
 
കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായിരുന്നു സര്‍ഫറാസ്. 2015 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണെങ്കിലും 50 മത്സരങ്ങളില്‍ നിന്നും 22.50 ശരാശരിയില്‍ 130 സ്ട്രൈക്ക് റേറ്റില്‍ 585 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായിട്ടുള്ളു. ഇതിന് പിന്നാലെ കഴിഞ്ഞ ഐപിഎല്‍ താരലേലങ്ങളില്‍ താരത്തെ വാങ്ങാന്‍ ആരും മുന്‍പോട്ട് വന്നിരുന്നില്ല. എന്നാല്‍ ടെസ്റ്റില്‍ മികച്ച പ്രഹരശേഷിയിലാണ് താരം കളിക്കുന്നത്. ടെസ്റ്റിലെ പ്രകടനം താരത്തിന് ഐപിഎല്ലിലും തിരിച്ചുവരവ് ഒരുക്കുമോ എന്നാണ് ഇനി കാണാനുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍