കാത്തിരിപ്പിന് വിരാമമാകുന്നു, രാജ്കോട്ടിൽ സർഫറാസ് ഖാൻ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറും!

അഭിറാം മനോഹർ

ചൊവ്വ, 13 ഫെബ്രുവരി 2024 (13:58 IST)
ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ യുവതാരങ്ങളായ സര്‍ഫറാസ് ഖാനും ധ്രുവ് ജുറലും അരങ്ങേറ്റം നടത്തുമെന്ന് റിപ്പോര്‍ട്ട്. കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് സര്‍ഫറാസ് ഖാന് പ്ലേയിംഗ് ഇലവനില്‍ അവസരമൊരുങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തായി മികച്ച പ്രകടനങ്ങള്‍ തുടരുന്ന സര്‍ഫറാസ് ഖാനെ മാറ്റി നിര്‍ത്തുന്നതില്‍ ടീം മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
 
കെ എല്‍ രാഹുലിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് 26കാരനായ സര്‍ഫറാസിന് ഇന്ത്യന്‍ ടെസ്റ്റ് കുപ്പായത്തില്‍ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുന്നത്. മധ്യനിരയിലായിരിക്കും ഇംഗ്ലണ്ടിനെതിരെ സര്‍ഫറാസ് കളിക്കുക. കഴിഞ്ഞ 3 ആഭ്യന്തര സീസണുകളില്‍ നൂറിലേറെ റണ്‍സ് ശരാശരിയിലാണ് സര്‍ഫറാസ് റണ്‍സ് അടിച്ചുകൂട്ടിയിരുന്നത്. വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും മാറിനിന്നപ്പോഴും സര്‍ഫറാസിന് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. കോലിയ്ക്ക് പകരം ടീമിലെത്തിയ രജത് പാട്ടീദാറും നിരാശപ്പെടുത്തിയതോടെ രാജ്‌കോട്ടില്‍ ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്‍ അരങ്ങേറുമെന്ന് ഉറപ്പായിരിക്കുകയാണ്.
 
അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ ശരാശരി പ്രകടനം മാത്രമെടുത്ത കെ എസ് ഭരതും മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും പുറത്താകും. കെ എസ് ഭരതിന് പകരം 23കാരനായ ധ്രുവ് ജുരലാകും രാജ്‌കോട്ട് ടെസ്റ്റില്‍ ഗ്ലൗ അണിയുക. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ 2 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പര 1-1 എന്ന നിലയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍