ഏകദിന ലോകകപ്പിന് മുന്‍പ് ശ്രേയസ് അയ്യരും റിഷഭ് പന്തും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധ്യത. ഇരുവരും അതിവേഗമാണ് പരുക്കില്‍ നിന്ന് മുക്തരാകുന്നതെന്ന് ബിസിസിഐ അറിയിച്ചു. കെ.എല്‍.രാഹുലും ഉടന്‍ തന്നെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും. മൂവരേയും ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്ക് എത്തിക്കാന്‍ തീവ്ര ശ്രമങ്ങളാണ് നടക്കുന്നതെന്ന് ബിസിസിഐ വ്യക്തമാക്കി.
കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും നെറ്റ്‌സില്‍ ബാറ്റിങ് ആരംഭിച്ചു. കരുത്തും ഫിറ്റ്‌നെസും വീണ്ടെടുക്കുന്നതിനായുള്ള പ്രത്യേക പരിശീലന മുറകളിലാണ് ഇരുവരും ഇപ്പോള്‍ ഏര്‍പ്പെടുന്നത്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ഇരുവരേയും നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ അറിയിച്ചു.
റിഷഭ് പന്തിന്റെ കാര്യത്തിലും പുരോഗതിയുണ്ടെന്ന് ബിസിസിഐ പറഞ്ഞു. പന്ത് നെറ്റ്‌സില്‍ ബാറ്റിങ്ങും കീപ്പിങ്ങും ആരംഭിച്ചു. കരുത്തും മെയ് വഴക്കവും ഓട്ടവും മെച്ചപ്പെടുത്തുന്ന ഒരു ഫിറ്റ്‌നെസ് പ്രോഗാമിലൂടെയാണ് പന്ത് കടന്നുപോകുന്നതെന്നും ബിസിസിഐ വ്യക്തമാക്കി.
രാഹുല്‍, ശ്രേയസ്, പന്ത് എന്നിവരുടെ തിരിച്ചുവരവ് സഞ്ജു സാംസണ് തിരിച്ചടിയാകും. മൂവരും ഏകദിന ലോകകപ്പ് ടീമില്‍ ഉണ്ടെങ്കില്‍ സഞ്ജു സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധ്യത കുറവാണ്. രാഹുലും പന്തും വിക്കറ്റ് കീപ്പര്‍മാരാണ് എന്നതാണ് സഞ്ജുവിന് തിരിച്ചടിയാകുക.