England vs Australia, Ashes 4th Test: ഇംഗ്ലണ്ടിന് മുന്നില്‍ ഓസീസ് പതറുന്നു, ഇന്നിങ്‌സ് തോല്‍വിയിലേക്ക് !

ശനി, 22 ജൂലൈ 2023 (09:04 IST)
England vs Australia, Ashes 4th Test: ആഷസ് നാലാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി മണത്ത് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായ 275 മറികടക്കാന്‍ ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയിരിക്കുന്നത്. ഇപ്പോഴും ഇംഗ്ലണ്ടിന്റെ ലീഡില്‍ നിന്ന് 162 റണ്‍സ് പിന്നിലാണ് ഓസീസ്. ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ അതിവേഗം വീഴ്ത്തി ഇന്നിങ്‌സ് ജയം ലക്ഷ്യമിടുകയാണ് ഇംഗ്ലണ്ട്. 
 
മര്‍നസ് ലബുഷാനെ (88 പന്തില്‍ 44), മിച്ചല്‍ മാര്‍ഷ് (27 പന്തില്‍ ഒന്ന്) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകള്‍ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായി. 
 
ഒന്നാം ഇന്നിങ്‌സില്‍ 592 എന്ന കൂറ്റന്‍ സ്‌കോറാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. സാക്ക് ക്രൗലിയുടെ (182 പന്തില്‍ 189) സെഞ്ചുറിയും ജോണി ബെയര്‍‌സ്റ്റോ (81 പന്തില്‍ 99), ജോ റൂട്ട് (95 പന്തില്‍ 84), ഹാരി ബ്രൂക്ക് (100 പന്തില്‍ 61), മൊയീന്‍ അലി (82 പന്തില്‍ 54), ബെന്‍ സ്റ്റോക്ക്‌സ് (74 പന്തില്‍ 51) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ഇംഗ്ലണ്ട് സ്‌കോര്‍ 592 ല്‍ എത്തിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 317 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 
 
അഞ്ച് മത്സരങ്ങളുള്ള ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1 ന് ലീഡ് ചെയ്യുകയാണ് ഇപ്പോള്‍. ആദ്യ രണ്ട് മത്സരങ്ങളും ഓസീസ് ജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍