ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് തൊട്ടുമുന്‍പ് സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ ആശങ്കകളുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായ അനില്‍ കുംബ്ലെ. തുടര്‍ച്ചയായ രണ്ടാം പരമ്പരയിലും സഞ്ജു ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായി കളിക്കുമ്പോള്‍ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് ടീമിന് വെല്ലുവിളിയെന്നാണ് കുംബ്ലെ പറയുന്നത്.
ശ്രീലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായ 2 ഡക്കുകള്‍ വഴങ്ങിയ സഞ്ജു ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഇങ്ങനെയെല്ലാമാണെങ്കിലും തന്റെ സ്ഥിരതയുടെ പ്രശ്‌നം സഞ്ജു പരിഹരിച്ചിട്ടില്ലെന്നാണ്കുംബ്ലെ പറയുന്നത്. ജിയോ സിനിമയുടെ ക്രിക്കറ്റ് ഷോയില്‍ സംസാരിക്കവെയായിരുന്നു കുംബ്ലെയുടെ പ്രതികരണം.
സഞ്ജു ക്ലാസ് പ്ലെയറാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല.എന്നാല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ സ്ഥിരതയും കൈവരിക്കേണ്ടതുണ്ട്. മുന്‍ നിരയില്‍ തന്നെ കളിപ്പിച്ചാല്‍ സഞ്ജുവിന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നും കുംബ്ലെ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ നിലനിര്‍ത്തുന്നതിനെ പറ്റി ഒരുപാട് പേര്‍ സംസാരിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തില്‍ നേടിയ സെഞ്ചുറി ഇതിന് അദ്ദേഹത്തെ സഹായിക്കും. ഒരു ബാറ്ററെന്ന നിലയില്‍ സഞ്ജുവിന്റെ ശേഷി എന്താണെന്ന് നമുക്കറിയാം.
എന്നാല്‍ സ്ഥിരത വലിയ ഒരു പ്രശ്‌നമാണ്. ഇതിനെ പറ്റി സെലക്ഷന്‍ കമ്മിറ്റിക്കും ആശങ്കയുണ്ടാകുമെന്ന് തോന്നുന്നു. മുന്‍ നിരയില്‍ തന്നെ സഞ്ജുവിനെ കളിപ്പിക്കുന്നതാണ് ശരിയായ സമീപനം. ഇതിലൂടെ പേസര്‍മാര്‍ക്കെതിരെ കളിക്കാന്‍ സഞ്ജുവിന് കൂടുതല്‍ സമയം ലഭിക്കും. സ്പിന്നര്‍മാര്‍ക്കെതിരെയും കൂടുതല്‍ അപകടകാരിയായി മാറും. കുംബ്ലെ വിശദമാക്കി.