Sanju samson: പ്രതിഷേധവും സങ്കടവുമെല്ലാം ചിരിക്കുന്ന ഇമോജിയിലൊതുക്കി സഞ്ജു, താരത്തെ ചേർത്ത് പിടിച്ച് ആരാധകർ

ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (08:59 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ഒരിക്കല്‍ കൂടി മലയാളി താരം സഞ്ജു സാംസണ്‍ അവഗണിക്കപ്പെട്ടു. ലോകകപ്പിന് മുന്‍പായി ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യര്‍, ഏകദിനത്തില്‍ ദയനീയമായ റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവ്, യുവതാരങ്ങളായ റുതുരാജ് ഗെയ്ക്ക്വാദ്, തിലക് വര്‍മ എന്നിവരെല്ലാം സ്ഥാനം പിടിച്ചപ്പോഴാണ് ഏകദിനത്തില്‍ 50ലേറെ ശരാശരിയില്‍ ബാറ്റ് വീശിയിട്ടും സഞ്ജു ടീമിന് വെളിയിലായത്.
 
വിരാട് കോലി,രോഹിത് ശര്‍മ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ആദ്യ 2 മത്സരങ്ങളില്‍ ഇല്ലാത്തതിനാല്‍ തന്നെ പരമ്പരയില്‍ സഞ്ജു തിരിച്ചെത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു വീണ്ടും അവഗണിക്കപ്പെട്ടു. അതേസമയം ടീമില്‍ ഇടം നഷ്ടമായതില്‍ സഞ്ജു ഫേസ്ബുക്കിലിട്ട ഇമോജിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പുഞ്ചിരിക്കുന്ന ഒരു ഇമോജി മാത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പോസ്റ്റിന് കീഴില്‍ സഞ്ജുവിന് പിന്തുണയുമായി നിരവധി ആരാധകരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ആരാധകരും സഞ്ജുവിനെ പിന്തുണച്ച് കമന്റുകളുമായി എത്തിയിട്ടുണ്ട്.
 
വിരാട് കോലി,രോഹിത് ശര്‍മ എന്നിവരുടെ അഭാവത്തില്‍ ആദ്യ 2 ഏകദിനങ്ങളില്‍ കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. രോഹിത്, കോലി എന്നിവര്‍ക്ക് പുറമെ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരും ആദ്യ 2 മത്സരങ്ങളില്‍ കളിക്കില്ല. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍