പതർച്ചയോടെ ആദ്യബോളുകൾ, ട്രാക്ക് മാറ്റി കത്തിക്കയറി അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്ത്: സഞ്ജു ഷോ

ഞായര്‍, 27 ഫെബ്രുവരി 2022 (11:10 IST)
ശ്രീലങ്കക്കെതിരായ രണ്ടാം ടി20യിൽ തകർപ്പൻ പ്രകടനത്തോടെ ആരാധകരുടെ ഹൃദയം കീഴടക്കി സഞ്ജു സാംസൺ. തുടക്കം തപ്പിതടഞ്ഞുവെങ്കിലും ഒരറ്റത്ത് ശ്രേയസ് ആത്മവിശ്വാസം നൽകിയപ്പോൾ ഐപിഎല്ലിലേത് പോലെ കത്തിക്കയറുന്ന സഞ്ജുവിനെയാണ് മത്സരത്തിൽ കാണാനായത്.
 
184 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്കു ബാറ്റ് വീശിയ ഇന്ത്യ ആറാം ഓവറില്‍ തന്നെ രണ്ടു ഓപ്പണര്‍മാരെയും നഷ്ടമായിരുന്നു. ഒരു വിക്കറ്റ് കൂടി വീഴുന്നത് ടീമിനെ വൻ തകർച്ചയിലേക്ക് നയിച്ചേക്കാം എന്ന ഘട്ടത്തിലാണ് സഞ്ജു ക്രീസിലെത്തിയത്. ആദ്യ പന്ത് മുതൽ പന്ത് മിഡിൽ ചെയ്യാൻ സഞ്ജു കഷ്ടപ്പെടുകയും ചെയ്‌തത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിരിക്കാം.
 
ഭാഗ്യം കൊണ്ട് മാത്രം പുറത്താകൽ അവസരങ്ങളിൽ നിന്ന് സഞ്ജു രക്ഷപ്പെടുകയും ചെയ്‌തതോടെ സഞ്ജുവിന്റെ ആത്മവിശ്വാസകുറവ് പ്രകടമാവുകയും ചെയ്‌തു. 12 ഓവറുകൾ പിന്നിടുമ്പോൾ 19 പന്തിൽ 17 റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
 
ഒരറ്റത്ത് ശ്രേയസ് ‌റൺ‌നിരക്ക് കുറയാതെ കാത്തതിനാൽ തന്നെ ക്രീസിൽ നിലയുറപ്പിക്കാനുള്ള സമയം സഞ്ജുവിന് ലഭിച്ചു. ഇതിന്റെ ഫലം കൃത്യമായി കണ്ടത് 13ആം ഓവറിൽ.പേസര്‍ ലഹിരു കുമാരയെറിഞ്ഞ ഈ ഓവറില്‍ സഞ്ജു ഷോ തന്നെയാണ് കാണാനായത്.
 
ആദ്യ ബോളില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ സഞ്ജു തന്റെ ടച്ചിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്തി. സ്ലോ ബോളായിരുന്നു രണ്ടാമത് കുമാര പരീക്ഷിച്ചത്.ബൗളറുടെ തലയ്ക്കു മുകളിലൂടെയുള്ള സിക്‌സറയാണ് സഞ്ജു അതിന് മറുപടി നൽകിയത്. അടുത്ത പന്ത് വൈഡ്. മൂന്നാമത്തെ പന്തിൽ കവറിന് മുകളിലൂടെ വീണ്ടും സിക്‌സർ.
 
നാലാമത്തേത് ഒരു യോർക്കാർ ബോളായിരുന്നു. എന്നാൽ അഞ്ചാം പന്തിൽ വീണ്ടും സിക്‌സറോടെ 22 റൺസ് ആ ഓവറിൽ സഞ്ജു നേടി. അവസാന പന്തിൽ ബൗണ്ടറി എന്നുറപ്പിച്ച ഷോട്ടിൽ അവിശ്വസനീയമായ ക്യാച്ചിലൂടെ സഞ്ജു പുറത്താകുമ്പോൾ 13 ഓവറിൽ ഇന്ത്യ 128ന് 3. അപ്പോഴേക്കും കളി ഇന്ത്യയുടെ വരുതിയിൽ ആയി കഴിഞ്ഞിരുന്നു. നാലാം വിക്കറ്റിൽ ജഡേജയും ശ്രേയസും കൂടി എളുപ്പത്തിൽ ലക്ഷ്യത്തിലേക്കെത്തുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍