ഇന്ത്യയുടെ രണ്ടാം നിര ടീമിലും സഞ്ജു ഇല്ല, ഇന്ത്യന്‍ ടീമിന്റെ എല്ലാ വാതിലുകളും അടയുന്നു?

ചൊവ്വ, 21 നവം‌ബര്‍ 2023 (16:06 IST)
ലോകകപ്പില്‍ ഓസീസിനോടേറ്റ തോല്‍വിയുടെ മുറിവുണങ്ങും മുന്‍പ് ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ലോകകപ്പില്‍ കളിച്ച പ്രധാനതാരങ്ങള്‍ ഇല്ലാതെയാണ് 5 ടി20 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാം നിര ടീമാകും ഓസീസിനെതിരെ കളിക്കുക എന്നതിനാല്‍ തന്നെ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരത്തിന് ടീമില്‍ ഇടം നേടാനായില്ല.
 
ലോകകപ്പിന് തൊട്ടു മുന്‍പ് അയര്‍ലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 26 പന്തില്‍ 46 റണ്‍സുമായി സഞ്ജു തിളങ്ങിയിരുന്നു. മഴ മൂലം മൂന്നാം മത്സരം ഉപേക്ഷിച്ചപ്പോള്‍ ഒരു റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു. എന്നാല്‍ ഈ പരമ്പരയ്ക്ക് ശേഷം നടന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടു. ഓസീസ് പരമ്പരയില്‍ താരം തിരിച്ചെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇത്തവണയും ബിസിസിഐ താരത്തെ തടഞ്ഞു.
 
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വമ്പന്‍ പ്രകടനങ്ങള്‍ നടത്താനായില്ലെങ്കിലും സഞ്ജുവിനേക്കാള്‍ മോശം പ്രകടനം നടത്തിയ ജിതേഷ് ശര്‍മയ്ക്കാണ് ടീമില്‍ നറുക്ക് വീണത്. മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ സഞ്ജു എട്ട് ഇന്നിങ്ങ്‌സില്‍ 138 റണ്‍സും ജിതേഷ് ശര്‍മ ഏഴ് കളിയില്‍ 107 റണ്‍സുമാണ് നേടിയിരുന്നത്. അതേസമയം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വമ്പന്‍ പ്രകടനം നടത്തിയ രാജസ്ഥാന്‍ താരമായ റിയാന്‍ പരാഗിനെ ബിസിസിഐ പരിഗണിച്ചതുമില്ല. പ്രകടനമല്ല കളത്തിന് പുറത്ത് ബിസിസിഐയ്ക്ക് സഞ്ജുവിനോടുള്ള അതൃപ്തിയാണ് ഒഴിവാക്കലിലേക്ക് നയിച്ചതെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന ആരോപണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍