പതിനേഴാമത് ഐപിഎല്‍ ടൂര്‍ണമെന്റ് 2 ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാനിരികെ വമ്പന്‍ താരങ്ങളുടെ പ്രകടനങ്ങള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ടി20 ലോകകപ്പ് മത്സരങ്ങള്‍ ജൂണില്‍ ആരംഭിക്കാനിരിക്കെ ലോകകപ്പ് ടീമിലെത്തുന്നതിനുള്ള ഓഡിഷന്‍ കൂടിയായിരിക്കും ഇത്തവണത്തെ ഐപിഎല്‍. അതിനാല്‍ തന്നെ ഇന്ത്യന്‍ ടീമിലെ സ്ഥാനവും കൂടി ലക്ഷ്യമിട്ടാകും സഞ്ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങള്‍ ഇറങ്ങുന്നത്.
ലോകകപ്പ് ടീമിലെത്താന്‍ സ്ഥിരതയുള്ള പ്രകടനങ്ങള്‍ ആവശ്യമാണെങ്കിലും ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കാന്‍ അവസരമുണ്ടെങ്കില്‍ അങ്ങനെ തന്നെ ചെയ്യുമെന്നാണ് മലയാളി താരം സഞ്ജു വ്യക്തമാക്കുന്നത്. എല്ലാ പന്തും ആക്രമിച്ച് കളിക്കുന്ന സഞ്ജുവിന്റെ ശൈലിക്കും സ്ഥിരതയില്ലായ്മയ്ക്കും എതിരെ വിമര്‍ശനമുള്ളപ്പോഴാണ് തന്റെ രീതികള്‍ മാറ്റാന്‍ ഒരുക്കമല്ലെന്ന് സഞ്ജു വ്യക്തമാക്കിയത്. ആദ്യ പന്തെന്നോ അവസാന പന്തെന്നോ ഞാന്‍ നോക്കുന്നില്ല. സിക്‌സടിക്കാന്‍ പറ്റുന്ന പന്താണെങ്കില്‍ അടിച്ചിരിക്കും. ഒരു സിക്‌സടിക്കാനായി 10 പന്തുകള്‍ കാത്തിനില്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.