ക്യാപ്പ് കിട്ടിയതും വികാരഭരിതനായി സന്ദീപ് വാര്യര്‍; അരങ്ങേറ്റത്തില്‍ നിറംമങ്ങിയെങ്കിലും മലയാളി താരത്തിന് സ്വപ്‌നദിനം

വെള്ളി, 30 ജൂലൈ 2021 (11:18 IST)
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി 20 മത്സരത്തില്‍ മൂന്ന് മലയാളി താരങ്ങളാണ് ഇന്ത്യയ്ക്കായി കളിച്ചത്. സഞ്ജു സാംസണ്‍, ദേവദത്ത് പടിക്കല്‍ എന്നിവര്‍ക്കൊപ്പം മലയാളി പേസര്‍ സന്ദീപ് വാരിയറും ഇന്നലെ ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. സന്ദീപ് വാര്യരുടെ അരങ്ങേറ്റ മത്സരമായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി 20. അരങ്ങേറ്റക്കാരന്റെ ക്യാപ്പ് കിട്ടിയതും സന്ദീപ് വാര്യര്‍ വികാരഭരിതനായി. നിറകണ്ണുകളോടെയായിരുന്നു സന്ദീപ് ക്യാപ്പ് സ്വീകരിച്ചത്. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമായിരുന്നു അത്. അല്‍പ്പനേരത്തേക്ക് സന്ദീപ് പരിസരം മറന്നു. സഹതാരങ്ങള്‍ സന്ദീപിനെ അഭിനന്ദിക്കുകയും ചെയ്തു. സന്ദീപ് കണ്ണ് തുടയ്ക്കുന്നത് കണ്ട് സഹതാരങ്ങള്‍ ആശ്വസിപ്പിക്കുകയും ചെയ്തു. സന്തോഷ കണ്ണീര്‍ എന്ന തലക്കെട്ടോടെ ബിസിസിഐ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 
അതേസമയം, അരങ്ങേറ്റത്തില്‍ ഇന്ത്യയ്ക്കായി തിളങ്ങാന്‍ സന്ദീപിന് സാധിച്ചില്ല. മൂന്ന് ഓവറില്‍ 23 റണ്‍സ് വഴങ്ങിയ സന്ദീപ് വിക്കറ്റൊന്നും വീഴ്ത്തിയില്ല. ഇന്ത്യ മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര 2-1 എന്ന നിലയില്‍ ശ്രീലങ്ക സ്വന്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍