മുംബൈ കണ്ണുവെച്ച താരത്തെ റാഞ്ചി രാജസ്ഥാൻ റോയൽസ്, ബുമ്രയ്ക്ക് പകരം ഇനിയാരെ തേടുമെന്ന് ടീമിനോട് ആരാധകർ

വ്യാഴം, 23 മാര്‍ച്ച് 2023 (18:26 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനാറാം പതിപ്പ് ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം അവരുടെ അവസാനഘട്ട തയ്യാറെടുപ്പിലേക്ക് കടന്നിരിക്കുകയാണ്. ശ്രേയസ് അയ്യർ,ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് തുടങ്ങിയ സൂപ്പർ താരങ്ങളുടെ പരിക്ക് ഇത്തവണ ടീമുകളെ ബാധിക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ കഴിഞ്ഞ ലേലത്തിൽ അപ്രതീക്ഷിതമായി അൺസോൾഡ് ആകപ്പെട്ട സന്ദീപ് സിംഗിനെ തങ്ങളുടെ പാളയത്തിലെത്തിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.
 
രാജസ്ഥാൻ ജേഴ്സിയിൽ താരം പരിശീലിക്കുന്ന ചിത്രങ്ങൾ വന്നതോടെ വലിയ വിമർശനമാണ് മുംബൈ ആരാധകർ ടീമിനെതിരെ ഉയർത്തുന്നത്. ഐപിഎല്ലിൽ ദീർഘകാലമായി മത്സരപരിചയവും മികച്ച റെക്കോർഡുമുള്ള സന്ദീപ് ശർമയെ ടീം ബുമ്രയ്ക്ക് പകരം ടീമിലെത്തിക്കണമായിരുന്നുവെന്ന് ആരാധകർ പറയുന്നു. സീസണിൽ ആർച്ചറെ മാത്രം വിശ്വസിക്കുന്നത് മുംബൈയെ ബാധിക്കുമെന്നും ആരാധകർ ചൂണ്ടികാട്ടുന്നു.
 
മികച്ച ബാറ്റർമാരുണ്ടെങ്കിലും ജോഫ്ര ആർച്ചർ ഒഴികെ മികച്ച ബൗളർമാർ മുംബൈ നിരയിലില്ല.കാമറൂൺ ഗ്രീൻ,കുമാർ കാർത്തികേയ,അർജുൻ ടെൻഡുൽക്കർ എന്നിവരെ ആശ്രയിക്കേണ്ട നിലയിലാണ് ടീം. അതേസമയം രാജസ്ഥാനാകട്ടെ ഇത്തവണയും ശക്തമായ ബൗളിംഗ് നിരയോടെയാകും കളിക്കാനിറങ്ങുക. ട്രൻ്റ് ബോൾട്ടിനൊപ്പം സന്ദീപും ഒബെഡ് മക്കോയിയും കുൽദീപ് യാദവും യൂസ് വേന്ദ്ര ചാഹലും ആർ അശ്വിനുമെല്ലാം രാജസ്ഥാൻ നിരയിലുണ്ട്. ബാറ്റിംഗിൽ മധ്യനിര കൂടി പ്രതീക്ഷയ്ക്കൊപ്പം ഉയർന്നാൽ കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാൻ രാജസ്ഥാന് കഴിഞ്ഞേക്കുമെന്നും ആരാധകർ കരുതുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍