സൂധീറിനോട് മാപ്പപേക്ഷിച്ച് ബംഗ്ലാദേശ് ആരാധകന്‍; ‘താങ്കള്‍ ഇനിയും വരണം’
വെള്ളി, 26 ജൂണ്‍ 2015 (16:36 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കടുത്ത ആരാധകനായ സൂധീര്‍ ഗൌതമിനെ ബംഗ്ലാദേശ് ആരാധകര്‍ ആക്രമിച്ച സംഭവത്തില്‍ മാപ്പപേക്ഷിച്ച് ഒരു ബംഗ്ലാദേശ് ആരാധകന്‍ രംഗത്ത്. സുധീര്‍ ഗൗതമിനെ അരികത്ത് നിര്‍ത്തിയാണ് ബംഗ്ലാ ആരാധകന്‍ തങ്ങളുടെ നാട്ടുകാര്‍ ചെയ്ത പ്രവര്‍ത്തനത്തില്‍ മാപ്പ് ചോദിച്ചത്. ഇതിന്റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
താങ്കള്‍ ഇവിടെ ആക്രമിക്കപ്പെട്ടതില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നതായും ഇന്ത്യ-ബംഗ്ലാ മത്സരം ഉണ്ടാകുമ്പോള്‍ താങ്കള്‍ ഇനിയും ബംഗ്ലാദേശില്‍ വരണമെന്നും ഈ ആരാധകന്‍ സുധീറിനോട് അഭ്യര്‍ത്ഥിക്കുന്നു. തുടര്‍ന്ന് ആരാധകനെ ആശ്വസിപ്പിച്ച സുധീര്‍ താങ്കള്‍ ദുഖിക്കേണ്ട ഇനിയും താന്‍ വരുമെന്നും ഉറപ്പ് കൊടുത്തു.
ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ടീം ബംഗ്ലദേശിന് മുന്നിൽ ഏകദിന പരമ്പര അടിയറവെച്ച് നാണം കെട്ടതിന് പിന്നാലെ സ്റ്റേഡിയം വിട്ട് പുറത്തു കടക്കാന്‍ ശ്രമിച്ച സുധീറിനെ ബംഗ്ലദേശ് ആരാധകര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. കൈയിലിരുന്ന ഇന്ത്യൻ പതാക അവർ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും പതാകയുടെ വടി നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ ആരാധകര്‍ ഉപദ്രവിക്കാനും തുടങ്ങിയതോടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ സുധീറിനെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി വിടുകയയിരുന്നു. ഓട്ടോറിക്ഷയെയും പിന്തുടര്‍ന്ന ആക്രമകാരികള്‍ കല്ലേറ് നടത്തിയെങ്കിലും സുധീര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ബിഹാറിലെ മുസാഫർപൂറിൽനിന്നുള്ള സുധീർ ഗൗതം ഉപഭൂഖണ്ഡത്തിലെ ഏതു രാജ്യത്തിലും ഇന്ത്യയുടെ മൽസരങ്ങൾ നടക്കുമ്പോൾ ഗ്യാലറിയിലെത്താറുണ്ട്. സച്ചിൻ തെൻഡുൽക്കറിന്റെ കടുത്ത ആരാധകനെന്ന നിലയിലാണ് സുധീർ കൂടുതൽ പ്രശസ്തൻ. പത്തുവർഷത്തിലേറെയായി ഈ ആരാധനക്കമ്പം തുടങ്ങിയിട്ട്.