Rohit Sharma: അന്ന് സെവാഗിനു വേണ്ടി ഗാംഗുലിയും ഇങ്ങനെ ചെയ്തിട്ടുണ്ട്; രാഹുലിനായി രോഹിത് ഓപ്പണര്‍ സ്ഥാനം ഉപേക്ഷിക്കണമെന്ന് ആരാധകര്‍

രേണുക വേണു

ചൊവ്വ, 3 ഡിസം‌ബര്‍ 2024 (11:30 IST)
Rohit Sharma and KL Rahul

Rohit Sharma: കെ.എല്‍.രാഹുലിനു വേണ്ടി ഓപ്പണര്‍ സ്ഥാനം ഒഴിയാന്‍ രോഹിത് ശര്‍മ തയ്യാറാകണമെന്ന് ഇന്ത്യന്‍ ആരാധകര്‍. രോഹിത്തിന്റെ ടെസ്റ്റ് കരിയര്‍ അവസാന ലാപ്പില്‍ എത്തി നില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ ഭാവി മുന്നില്‍ കണ്ട് രോഹിത് വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആരാധകര്‍ പറയുന്നു. പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനം നടത്തിയ രാഹുലിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കുന്നത് ടീമിനു ഗുണം ചെയ്യില്ലെന്നാണ് ആരാധകരുടെ വാദം. 
 
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് (പിങ്ക് ബോള്‍ ടെസ്റ്റ്) ഡിസംബര്‍ ആറ് മുതല്‍ അഡ്‌ലെയ്ഡില്‍ നടക്കും. പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് രാഹുല്‍ ആണ്. 
 
മുന്‍പും ഇന്ത്യന്‍ ടീമില്‍ ഇത്തരം 'ത്യാഗങ്ങള്‍' ഉണ്ടായിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത് അന്നത്തെ നായകനായിരുന്ന സൗരവ് ഗാംഗുലിയാണ്. വിരേന്ദര്‍ സെവാഗ് തുടക്കത്തില്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്തിരുന്നത്. സെവാഗിന്റെ ബാറ്റിങ് മികവും ഇന്ത്യയുടെ ഭാവിയും മുന്നില്‍കണ്ട് ഗാംഗുലി അന്ന് തന്റെ ഓപ്പണര്‍ സ്ഥാനം ഉപേക്ഷിച്ചു. മികച്ച ഫോമില്‍ ആയിരുന്നിട്ടും സെവാഗിനു വേണ്ടി തന്റെ ഓപ്പണര്‍ സ്ഥാനം ഉപേക്ഷിക്കാന്‍ ഗാംഗുലി തയ്യാറായി. അതുകൊണ്ടാണ് സച്ചിന്‍ - സെവാഗ് ഓപ്പണിങ് ജോഡി ഇന്ത്യക്ക് ലഭിച്ചത്. സമാന രീതിയില്‍ രാഹുലിനു വേണ്ടി രോഹിത് ശര്‍മയും ഓപ്പണിങ് സ്ഥാനം ഒഴിയണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നു. 
 
അതേസമയം, പെര്‍ത്ത് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ഓപ്പണര്‍ ആയി ഇറങ്ങി മികച്ച പ്രകടനം നടത്തിയ കെ.എല്‍.രാഹുലിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കിയാല്‍ അത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് ഇന്ത്യന്‍ പരിശീലക സംഘത്തിന്റെയും മാനേജ്‌മെന്റിന്റെയും നിലപാട്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ ക്ഷമയോടെ നേരിടാന്‍ സാധിച്ചത് രാഹുലിന് മാത്രമാണ്. ന്യൂ ബോളില്‍ അടക്കം രാഹുല്‍ മികച്ച ചെറുത്തുനില്‍പ്പാണ് നടത്തിയത്. അങ്ങനെയൊരു താരത്തെ അഞ്ചാമതോ ആറാമതോ ഇറക്കുന്നത് ടീമിനു ഗുണം ചെയ്യില്ല. ഇക്കാരണങ്ങളാല്‍ റിഷഭ് പന്തിനു ശേഷം ആറാമനായി രോഹിത് ഇറങ്ങാനാണ് സാധ്യത. 
 
തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയെന്ന രോഹിത്തിന്റെ നയം അഡ്ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയിക്കണമെന്നില്ല. തുടക്കത്തില്‍ ആക്രമിച്ചു കളിച്ചു വിക്കറ്റ് നഷ്ടമായാല്‍ അത് ടീമിന്റെ മുഴുവന്‍ ആത്മവിശ്വാസം ഇല്ലാതാക്കും. പിങ്ക് ബോള്‍ അപകടകാരിയായതിനാല്‍ നിലവില്‍ ഓസ്ട്രേലിയന്‍ സാഹചര്യത്തില്‍ താളം കണ്ടെത്തിയിരിക്കുന്ന രാഹുലും ജയ്സ്വാളും ഓപ്പണിങ് തുടരുന്നതിനോടാണ് മുഖ്യപരിശീകന്‍ ഗൗതം ഗംഭീറിനും താല്‍പര്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍